സാശ്രയസ്ഥാപനങ്ങളുടെ കണ്ണ് ലാഭത്തിലാണ് പിണറായി

കോഴിക്കോട് : സാശ്രയ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഭയാശങ്കകളില്ലാതെ പഠിക്കാന്‍ വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എലത്തൂര്‍ നിയോജകമണ്ഡലത്തിലെ സ്കൂളുകളിലെ സ്മാട്ട് ക്ളാസ്റൂം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സര്‍ക്കാരിന് സ്വാശ്രയ കോളേജുകളില്‍ നേരിട്ട് ഇടപെടാനാകില്ല. സര്‍വകലാശാലകള്‍ വഴിയാണ് ഇടപെടാനാകുക. അതുകൊണ്ടാണ് വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും യോഗത്തില്‍ പങ്കെടുക്കും. പല സാശ്രയ സ്ഥാപനങ്ങളുടെയും കണ്ണ് ലാഭത്തിലാണ്. അടുത്ത കാലത്ത് ഉണ്ടായിട്ടുള്ള ചില സംഭവങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. കുട്ടികള്‍ അവര്‍ക്ക് എറ്റവും ഇഷ്ടപ്പെട്ട ചാച്ചാജിയുടെയും ടോംസിന്റെയും പേരു കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ കിടിലം കൊള്ളുകയാണ്. ചാച്ചാജിയെന്ന് കുട്ടികള്‍ സ്നേഹത്തോടെ വിളിക്കുന്ന നെഹ്റുവിന്റെ പേരിലുള്ള കോളേജില്‍ ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് സമൂഹത്തില്‍ വലിയ ഞെട്ടലുണ്ടാക്കി. ടോംസ് കോളേജില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകളും ആശങ്കയുണ്ടാക്കുന്നതാണ്. നിരവധി പരാതികളാണ് നേരിട്ടും അല്ലാതെയും വിദ്യാര്‍ഥികളും രക്ഷിതാക്കളുമെല്ലാം അറിയിക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭൂഷണമല്ല. അനഭിലഷണീയമായ കാര്യങ്ങളാണ് അടുത്തിടെ കേള്‍ക്കുന്നത്.സ്വാശ്രയ കോളേജുകളുടെ നടപടികളില്‍ വിദ്യാര്‍ഥി സമൂഹം അസംതൃപ്തരാണെന്ന കാര്യം സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ട്. ഗൌരവത്തോടെയാണ് ഈ കാര്യങ്ങളെ സര്‍ക്കാര്‍ കാണുന്നത്. എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യമായ വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അവസ്ഥയുണ്ടാകുമെന്നും പിണറായി പറഞ്ഞു.