തിരുവനന്തപുരം :ഡിവൈഎഫ്ഐ അഖിലേന്ത്യ സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാകയും കൊടിമരവുമായി പ്രയാണം നടത്തുന്ന ജാഥകള്‍ക്ക് സ്വീകരണം. ഏത് വെല്ലുവിളിയെയും നെഞ്ചുറപ്പോടെ നേരിടുമെന്ന് പ്രഖ്യാപിച്ച് പടയോട്ടം നടത്തിയ പതാകജാഥ ഞായറാഴ്ച വൈകിട്ട് കൊടിമരജാഥയുമായി സംഗമിച്ച് അനന്തപുരിയില്‍ എത്തി. തിങ്കളാഴ്ച കൊല്ലം ജില്ലയില്‍ പ്രവേശിക്കും. ദീപശിഖാ ജാഥയ്ക്ക് മലപ്പുറം ജില്ലയില്‍ ഉജ്വല സ്വീകരണം നല്‍കി. കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തില്‍നിന്ന് പ്രയാണമാരംഭിച്ച് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് ജാഥ മലപ്പുറത്തേക്ക് കടന്നത്.കന്യാകുമാരിയിലെ ചരിത്രപ്രധാനമായ ഗാന്ധിസ്മൃതിമണ്ഡപത്തിനു സമീപത്തുനിന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ഡിവൈഎഫ്ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്റുമായ എം എ ബേബി ജാഥാക്യാപ്റ്റനും അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമായ പി എ മുഹമ്മദ് റിയാസിന് പതാക കൈമാറി. വിവിധകേന്ദ്രങ്ങളില്‍ ആയിരുന്നു പൊലീസ് ആജ്ഞ. മുന്നോട്ടുനീങ്ങാന്‍ പ്രധാന പട്ടണങ്ങളിലൊക്കെ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധം ഉയര്‍ത്തേണ്ടിവന്നു. പൊലീസിന്റെ നടപടി അസഹ്യമായതോടെ തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ റോഡില്‍ ബൈക്കുകള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചു. തിരക്കേറിയ കന്യാകുമാരി റോഡില്‍ ഗതാഗതം സ്തംഭിച്ചപ്പോഴാണ് പൊലീസ് മുട്ടുമടക്കിയത്. തുടര്‍ന്ന് ശുഭ്രപതാക വാനോളം പറത്തിയാണ് തമിഴ്നാട്ടിലെ പ്രവര്‍ത്തകര്‍ പതാകജാഥയുമായി കേരളത്തില്‍ എത്തിയത്. നാഗര്‍കോവില്‍, തക്കല, സാമിയാര്‍ മഠം, മാര്‍ത്താണ്ഡം, കളിയിക്കാവിള എന്നിവിടങ്ങളില്‍ ഗംഭീര വരവേല്‍പ്പ് ലഭിച്ചു.കന്യാകുമാരിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അബിലിഷ്യസ് ജോള്‍ അധ്യക്ഷനായി. പി എ മുഹമ്മദ് റിയാസ്, കേരള സംസ്ഥാന സെക്രട്ടറി എം സ്വരാജ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ രാജേഷ്, തമിഴ്നാട് സംസ്ഥാന സെക്രട്ടറി എസ് ബാല, ജോയിന്റ് സെക്രട്ടറി ദീപ എന്നിവര്‍ സംസാരിച്ചു. കന്യാകുമാരി ജില്ലാ സെക്രട്ടറി എന്‍ രാജേഷ്കുമാര്‍ സ്വാഗതം പറഞ്ഞു. മുരസ് കലാസംഘടനയുടെ നാടന്‍പാട്ടോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്. കേരള അതിര്‍ത്തിയായ പാറശാലയില്‍ വാദ്യഘോഷങ്ങളോടെ വരവേറ്റു. പൊതുയോഗം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന നിര്‍വാഹകസമിതി അംഗം അശോക്കുമാര്‍ ഉദ്ഘാടനംചെയ്തു.ചെങ്കല്‍ ജ്യോതി അധ്യക്ഷനായി. നെയ്യാറ്റിന്‍കരയില്‍ കൊടിമരജാഥയും പതാകജാഥയും സംഗമിച്ചു. വര്‍ണാഭമായ വരവേല്‍പ്പാണ് ലഭിച്ചത്. പൊതുയോഗം ഡിവൈഎഫ്ഐ അഖിലേന്ത്യ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. സി ഒ സനല്‍ അധ്യക്ഷനായി. ഫെബ്രുവരി ഒന്നിന് ജാഥകള്‍ എറണാകുളത്ത് സംഗമിച്ച് മറൈന്‍ഡ്രൈവിലേക്ക് നീങ്ങും. വൈകിട്ട് ആറിന് കൊടി ഉയരുന്നതോടെ പത്താം അഖിലേന്ത്യ സമ്മേളനത്തിന് തുടക്കമാകും.