തിരുവനന്തപുരം: സംസ്ഥാന പോലീസിലെ സ്പെഷൽ ബ്രാഞ്ച്- ഇന്റലിജൻസ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ചയുണ്ടായതായി പോലീസ് ഉന്നത തല യോഗത്തിൽ വിലയിരുത്തൽ.സുപ്രധാന കാര്യങ്ങൾ പോലും സർക്കാരിനെ അറിയിക്കുന്നതിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം പല അവസരങ്ങളിലും പരാജയപ്പെട്ടതായും യോഗത്തിൽ വിലയിരുത്തലുണ്ടായി. സർക്കാരിനെതിരേ നടന്ന ഐഎഎസുകാരുടെ രഹസ്യയോഗം പോലും മുഖ്യമന്ത്രിയെ അറിയിക്കുന്നതിൽ ഇന്റലിജൻസ് പരാജയപ്പെട്ടു. സെക്രട്ടേറിയറ്റിൽ നടന്ന ഐഎഎസുകാരുടെ യോഗം പോലും അറിയാതെ പോയതു സർക്കാരിന് ഏറെ ക്ഷീണമുണ്ടാക്കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ ബ്രാഞ്ച് അടിമുടി അഴിച്ചു പണിയാനാണു സർക്കാർ തീരുമാനം. സർക്കാർനയത്തിനു വിരുദ്ധമായി പോലീസ് പ്രവർത്തിക്കുന്നെന്ന പരാതി വ്യാപകമായ സാഹചര്യത്തിൽ എല്ലാ ആഴ്ചയും സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാരുമായി വീഡിയോ കോണ്‍ഫറൻസിംഗ് നടത്തും.സംസ്ഥാന തലത്തിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണു വീഡിയോ കോണ്‍ഫറൻസിംഗ്. ജില്ലകളിൽ താഴേത്തട്ടിൽ നടക്കുന്ന കാര്യങ്ങൾ വരെ എസ്പിമാർ ഡിജിപിയെ അറിയിക്കണം. ഒരു വർഷത്തേക്കുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കി സമർപ്പിക്കാൻ എസ്പിമാർക്കു ഡിജിപി നിർദേശം നൽകി. സംസ്ഥാന തലത്തിൽ സ്വീകരിക്കേണ്ട ആക്ഷൻ പ്ലാൻ സംബന്ധിച്ചു യോഗത്തിൽ ചർച്ചചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ അനുമതിയില്ലാതെ യുഎപിഎ, രാജ്യദ്രോഹ കേസുകൾ ചുമത്തരുത്. ഇത്തരം കേസുകളിൽ ഡിവൈഎസ്പിയാകണം അന്വേഷണ ഉദ്യോഗസ്ഥൻ. യുഎപിഎ ചുമത്തുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചു ഡിജിപി ക്ലാസെടുത്തു. വിദേശത്തുള്ളവർ പ്രതികളായ കുറ്റകൃത്യങ്ങളിൽ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും ഡിജിപി വിശദീകരിച്ചു. മേഖലാ എഡിജിപിമാർ, റേഞ്ച് ഐജിമാർ, ജില്ലാ പോലീസ് മേധാവികൾ, ഇന്റലിജൻസ്, ക്രൈംബ്രാഞ്ച് മേധാവികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.