തിരുവനന്തപുരം: പാർട്ടിയില്ലെങ്കിൽ ആരുമില്ലെന്ന ഓർമ വേണമെന്ന മുന്നറിയിപ്പുമായി എ.കെ. ആന്റണി കെപിസിസി വിശാല എക്സിക്യൂട്ടീവിൽ. നേതാക്കൾ പിണങ്ങിനിന്നാൽ ക്ഷീണിക്കുന്നതു പാർട്ടിയാണ്. പാർട്ടി വിട്ടുപോയാൽ എല്ലാം നഷ്ടപ്പെടുകയേയുള്ളൂ. പാർട്ടിയില്ലെങ്കിൽ ആരുമില്ലെന്ന ഓർമ വേണം- മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ ആന്റണി പറഞ്ഞു. യുവാക്കൾ ബിജെപി ഉൾപ്പെടെയുള്ള മറ്റു പാർട്ടികളിലേക്കു പോകുകയാണ്. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതു നേതാക്കൾ കാണണം. നേരത്തേ യുഡിഎഫ്, എൽഡിഎഫ് എന്നിങ്ങനെ രണ്ടു ചേരികളായിരുന്നു കേരള രാഷ്ട്രീയത്തിൽ. എന്നാൽ, ഇന്നു സ്ഥിതി മാറി. പകൽ കോണ്‍ഗ്രസും രാത്രി ആർഎസ്എസുമാകുന്നവരെ ഇനി പാർട്ടിക്കു വേണ്ട. അങ്ങനെയുള്ളവർ ഇതിനകംതന്നെ പരസ്യമായി ആർഎസ്എസ് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. യുവജന - വിദ്യാർഥി നേതാക്കൾ പ്രസ്താവനകളിലൂടെ ജീവിക്കുന്നവരായി മാറി. ഇവർക്കു താഴേത്തട്ടിൽ ജനങ്ങളുമായി ബന്ധമില്ല. നേതാക്കളെ ചുറ്റിപ്പറ്റി നിൽക്കുന്നവരെയല്ല, യഥാർഥ പ്രവർത്തകരെയാണു പ്രോത്സാഹിപ്പിക്കേണ്ടതെന്ന് ആന്റണി പറഞ്ഞു.കേന്ദ്രത്തിലും സംസ്ഥാനത്തും സർക്കാരുകളുടെ തെറ്റായ നടപടികൾക്കെതിരേ ശക്തമായ നിലപാടെടുത്തു ജനപിന്തുണ നേടാൻ കഴിയണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഇന്ധനവില ആനുപാതികമല്ലാതെ വർധിപ്പിച്ചിട്ടും അതിനെതിരേ ജനവികാരം വളർത്താനായില്ല. റേഷൻ പ്രശ്നത്തിലും യഥാർഥ പ്രശ്നം ജനങ്ങൾക്കു മുന്‍പാകെ എത്തിക്കാൻ സാധിച്ചില്ല. എന്നാൽ, സംഘടനാപരമായ വിഷയങ്ങളെക്കുറിച്ചൊന്നും ഉമ്മൻ ചാണ്ടി പരാമർശിച്ചതേയില്ല. സമീപനാളുകളിൽ കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തു നടത്തിയ പരിപാടികൾ വിജയിപ്പിച്ചതിന്റെ വിശദാംശങ്ങൾ സുധീരൻ യോഗത്തിൽ അറിയിച്ചു. യുവാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കു പോകുന്നു എന്ന വാദം അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പ്രതീക്ഷയറ്റ സ്ഥിതിയിലാണെന്നു കരുതുന്നില്ല.സോണിയഗാന്ധിക്കു ശേഷം കോണ്‍ഗ്രസിനു ഹൈക്കമാൻഡ് ഉള്ളതായി തോന്നലുണ്ടാക്കാൻ സാധിക്കുന്നില്ലെന്ന് എം.എം. ജേക്കബ് പറഞ്ഞു. പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയി പഞ്ചാബിലെ യുവാക്കളെല്ലാം ലഹരിമരുന്നിന് അടിമകളാണെന്നു രാഹുൽ ഗാന്ധി പറഞ്ഞതിനെ വിമർശിച്ചായിരുന്നു ജേക്കബിന്റെ പ്രസംഗം. ഇക്കാര്യം നേരിട്ടു പറയാൻ തനിക്കു മടിയില്ലെന്നും ജേക്കബ് ആന്റണിയോടായി പറഞ്ഞു.ആറു മാസത്തെ ഇടവേളയ്ക്കു ശേഷം നടന്ന വിശാല എക്സിക്യൂട്ടീവിൽ കാര്യമായ ചർച്ചകൾ നടന്നില്ല. നേതാക്കളുടെ പ്രസംഗം മാത്രമേ ഉണ്ടായുള്ളൂ. എക്സിക്യൂട്ടീവിൽ പങ്കെടുക്കേണ്ടിയിരുന്ന നേതാക്കളിൽ പകുതിയോളം പേർ മാത്രമേ എത്തിയിരുന്നുള്ളൂ.