തിരുവനന്തപുരം : പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകൾ നടത്തി വരുന്ന സമരം കൂടുതൽ ശക്തമായി. സമരത്തിന് പിന്തുണയുമായി കോടിയേരി ബാലകൃഷ്ണനും വി.എം സുധീരനും സുരേഷ്ഗോപിയും എത്തിയതോടെ വിദ്യാർഥികളുടെ ആവേശം ഇരട്ടിയായി. ജില്ലാ കോണ്ഗ്രസ് കമ്മറ്റി ലോ അക്കാഡമിയിലേക്ക് നടത്തിയ മാർച്ച് നിയന്ത്രണം തെറ്റിച്ച് അകത്തുകടന്നത് പോലീസിനും തലവേദനയായി. ബിജെപി ദേശീയനിർവാഹക സമിതി അംഗം വി.മുരളീധരൻ നടത്തുന്ന നിരാഹാരസമരം നാലുദിവസം പിന്നിട്ടു. അതേസമയം ലോ അക്കാഡമിയിലെ വിദ്യാർഥി സമരം 17 ദിവസവും നിരാഹാരസമരം 15 ദിവസവും കടന്നിരിക്കുകയാണ്. ഇന്നലെ ഉച്ചയോടെയാണ് ജില്ലാകോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോ അക്കാഡമിയിലേക്ക് മാർച്ച് നടത്തിയത്. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റെ നേതൃത്വത്തിൽ ആണ് സമരം എത്തിയത്. സമരത്തിനെത്തിയവരിൽ ചിലർ ലോ അക്കാഡമി ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്കു കടന്നത് പോലീസിനു തലവേദനയായി. എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് സമരക്കാരെ തടഞ്ഞു. പോലീസിനെ വകവയ്ക്കാതെ വിദ്യാർഥികൾ മുന്നോട്ടുപോകാൻ ശ്രമിച്ചെങ്കിലും മുതിർന്ന നേതാക്കൾ ഇടപെട്ട് ഇവരെ പിൻതിരിപ്പിച്ചതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. പ്രതിഷേധം ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ സർക്കാരിനെതിരെ ആഞ്ഞടിച്ചു. ഇത്രയും വലിയ ഒരു സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന സർക്കാർ വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തി. വിദ്യാർഥികളുടെ സമരത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് സർക്കാർ തന്നെയാണെന്നും സമരം വലിച്ചുനീട്ടിക്കൊണ്ട ുപോകുന്നതിനു പിന്നിൽ സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും സുധീരൻ കുറ്റപ്പെടുത്തി. ലോ അക്കാഡമി അധികൃതരുടെ കൈവശമുള്ള സർക്കാർ ഭുമി തിരിച്ചുപിടിക്കണം.പ്രിൻസിപ്പൽ രാജിവെയ്ക്കുകയല്ലാതെ മറ്റ് ഒരു മാർഗവുമില്ല.ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിട്ടും സിൻഡിക്കറ്റ് ഉപസമിതി വിദ്യാർഥികളുടെ പരാതി ന്യായമാണെന്ന് കണ്ടെത്തിയിട്ടും പ്രിൻസിപ്പൽ തുടരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ഇവർ പറഞ്ഞു. പാലോട് രവി, ശരത്ചന്ദ്രപ്രസാദ്, കെ.എസ്.ശബരിനാഥൻഎംഎൽഎ എന്നിവരും സുധീരനോടൊപ്പമുണ്ടായിരുന്നു. സമരം ചെയ്യുന്ന എസ്എഫ്ഐ വിദ്യാർഥികളോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമരപന്തലിലെത്തി. വിദ്യാർഥികളുടെ സമരത്തെ രാഷ്ട്രീയ സമരമാക്കി മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയ ഇദ്ദേഹം ചില കേന്ദ്രങ്ങളിൽ നിന്നു പ്രകോപനമുണ്ടാക്കി അക്രമം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. ലോ അക്കാഡമി അധികൃതരുടെ ഭാഗത്തുനിന്ന് മുൻകാലങ്ങളിൽ നല്ല സമീപനമാണ് ഉണ്ടായിട്ടുള്ളതെന്നും അതേ സമീപനമാണ് തുടർന്നും പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കിയ കോടിയേരി ബാലകൃഷ്ണൻ സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പറഞ്ഞു..അവശനാണെങ്കിലും സമരത്തിൽനിന്ന് പിൻമാറാൻ ഒരുക്കമല്ലെന്ന നിലപാടിലാണ് മുരളീധരൻ. വെള്ളിയാഴ്ച ഡോക്ടറുടെ റിപ്പോർട്ടിനെത്തുടർന്ന് മുരളീധരനോട് അറസ്റ്റ് വരിക്കണമെന്നാവശ്യപ്പെട്ട് പോലീസ് എത്തിയത് സംഘർഷത്തിനിടയാക്കിയിരുന്നു. പോലീസ് ഇന്നലെ സമരപന്തലിനടുത്തേക്ക് പോലും പ്രവേശിച്ചില്ല. സുരേഷ്ഗോപി എംപി ഇന്നലെ രാവിലെ തന്നെ ഇദ്ദേഹത്തിന് അഭിവാദ്യമർപ്പിക്കാൻ എത്തിയിരുന്നു. വിദ്യാർഥികൾക്ക് വേണ്ട ി നടത്തുന്ന സമരം ന്യായമാണെന്നും എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും സുരേഷ്ഗോപി പറഞ്ഞു. ജനാധിപത്യ രാഷ്ട്രീയ സഭ ചെയർപേഴ്സണ് സി.കെ ജാനുവും സമരപന്തലിലെത്തിയിരുന്നു. ഒരു വ്യക്തിയുടെ താൻപോരിമയ്ക്കെതിരെ നടത്തുന്ന സമരം തീർച്ചയായും ലക്ഷ്യം കാണുമെന്ന് സി.കെ ജാനു പറഞ്ഞു. ഇത്തരം സമരങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കുമെന്നും ഇവർ പറഞ്ഞു. മുതിർന്ന അഭിഭാഷകൻ കൂടിയായ പ്രശാന്ത് ഭൂഷണും വിദ്യാർഥികളോട് അനുഭാവം പ്രകടിപ്പിച്ചെത്തി. പ്രിൻസിപ്പലിനെ പുറത്താക്കണമെന്നും ഇന്ത്യൻ ബാർ കൗണ്സിലും മറ്റ് അഭിഭാഷകസംഘടനകളും പ്രശ്നത്തിൽ ഇടപെടണമെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു. അഭിഭാഷകവൃത്തിയോട് നിരക്കാത്ത സമീപനമാണ് പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.സിപിഐ ദേശീയ നേതാവ് ആനി രാജയും വിദ്യാർത്ഥികൾക്ക് പിന്തുണ അർപ്പിക്കാനെത്തി. ഇത്രയും വലിയ ഒരു കൂട്ടായ്മയെ ചെറുത്തുതോൽപ്പിക്കാൻ ആർക്കുമാവില്ലെന്ന് ആനിരാജ പറഞ്ഞു. എഐവൈഎഫിന്റെ നേതൃത്വത്തിൽ രണ്ട ് ദിവസം നീണ്ട ുനിൽക്കുന്ന പ്രതിഷേധക്കൂട്ടായ്മയ്ക്കും ഇന്നലെ തുടക്കമായി. സി.ദിവാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.