തിരുവനന്തപുരം> വിദ്യാര്‍ത്ഥി സമരം 18ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ലോ അക്കാദമി മാനേജ്‌മെന്റ് വിട്ടുവിഴ്ചക്ക് തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ലോ അക്കാദമിയില്‍ എസ്എഫ്ഐയുടെ സമരത്തിന് പിന്തുണയുമായി എത്തിയതായിരുന്നു കോടിയേരി. സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നു നിരവധി പരാതികളാണ് ഉയരുന്നത്. പ്രധാനമായും വിദ്യാര്‍ത്ഥികളോട് ശത്രുതാപരമായി പെരുമാറുന്നതായും ഇന്റേണല്‍ മാര്‍ക്ക് കുറച്ച് തോല്‍പ്പിക്കുന്നതായും പരാതികളുണ്ട്. അത്തരം പ്രവണതകള്‍ അവസാനിപ്പിക്കേണ്ടതാണ്.കോളേജുകള്‍ നിയമാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടത് സര്‍വ്വകലാശാകളും സര്‍ക്കാരുമാണ്. അക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ ഉണ്ടാകണം.ലോ അക്കാദമിയില്‍ അനീതിക്കെതിരെ സമരം ചെയ്യാന്‍ എസഎഫ്ഐക്ക് അറിയാം. അതിനുള്ള കരുത്ത് എസ്എഫ്ഐക്കുണ്ട്. എന്നാല്‍ ഈ സമരത്തെ എസ്എഫ്ഐ വിരുദ്ധ സമരമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കം നടക്കുന്നുണ്ട്. അത് തിരിച്ചറിയപ്പെടണം. ഇത് തികച്ചും വിദ്യാര്‍ത്ഥി സമരമാണ്. അതിനെ രാഷ്ട്രീയവത്കരിച്ച് സര്‍ക്കാരിനെതിരെ തിരിക്കാനും ചിലര്‍ ശ്രമിക്കുണ്ട്. അതും കരുതിയിരിക്കണം. ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തിന് നേതൃത്വം നല്‍കുന്ന എസ്എഫ്ഐ സ്വതന്ത്രമായി സമരകാര്യങ്ങര്‍ തീരുമാനിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. വിദ്യാര്‍ഥി സമരം വിജയിപ്പിക്കാന്‍ കരുത്തുള്ള സംഘടനയാണ് എസ്എഫ്ഐ.വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കുക എന്നതാണ് ആദ്യം വേണ്ടത്. ലോ അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയം വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗമല്ല. വിദ്യാര്‍ത്ഥി സമരം രാഷ്ട്രീയ സമരമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കോളേജുകളിലുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഓംബുഡ്സ്മാനെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. പി കെ ശ്രീമതി എം പി, എം വി ഗോവിന്ദന്‍, വി ശിവന്‍കുട്ടി, ആനാവൂര്‍ നാഗപ്പന്‍ എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.