കഴിഞ്ഞ ദിവസം സംഘർഷത്തിനിടെ ആകാശത്തേക്കു വെടിയുതിർത്ത വഴിക്കടവ് എസ്ഐയെ സ്ഥലംമാറ്റി. എസ് ഐ യുടെ പെരുമാറ്റം വളരെ മോശമായിരുന്നു .ഇയാളുടെ ജങ്ങളോടുള്ള ഇടപെടൽ തരാം താഴ്ന്നതാണ് . ക്ഷമയും സമാധാനവും ഇല്ലാത്ത എസ് ഐ പോലീസ് സേനക്ക് അപമാനമാണ്. വഴിക്കടവിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഘർഷത്തിനിടെയാണ് എസ്ഐ കെ.ബി. ഹരികൃഷ്ണൻ പെട്രോൾ പമ്പിനുള്ളിൽ സർവീസ് റിവോൾവർ ഉപയോഗിച്ചു വെടിയുതിർത്തത്. സംഭവവുമായി ബന്ധപ്പെട്ട് എസ്ഐ ഉൾപ്പെടെ മൂന്നു പേർക്കു പരിക്കേറ്റു.എസ്ഐയെ ആക്രമിച്ചെന്നാരോപിച്ചു രണ്ട് സഹോദരങ്ങളെ പോലീസ് അറസ്റ്റു ചെയ്തു. വഴിക്കടവ് പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന ഏമങ്ങാടൻ സുബിൻ(27), സഹോദരൻ ജിതിൻ(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.ബുധനാഴ്ച രാത്രി പതിനൊന്നോടെ വഴിക്കടവ് പഞ്ചായത്ത് അങ്ങാടിയിലാണ് അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്. ബൈക്കുകൾ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു സംഘർഷത്തിൽ കലാശിച്ചത്. ബൈക്ക് അപകടത്തെ തുടർന്നു സംഘർഷമുണ്ടായപ്പോൾ സ്ഥലത്തെത്തിയ എസ്ഐ ബൈക്ക് യാത്രികരെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു പ്രശ്നം പരിഹരിച്ചു. എന്നാൽ, സ്ഥലത്തു തടിച്ചുകൂടിയ ആളുകൾ തമ്മിൽ രാത്രിയും ബഹളം തുടർന്നു. അവിടെയെത്തിയ എസ്ഐയും സംഘവും ലാത്തി വീശി ആളുകളെ വിരട്ടിയോടിച്ചു.ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറിയും പോലീസ് ലാത്തി വീശി. ഇതിനിടെ കൂൾബാറിൽനിന്നു സാധനം വാങ്ങുകയായിരുന്ന ജിതിനു ലാത്തിയടിയേറ്റു പരിക്കുപറ്റി. ജിതിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ അയൽവാസി ഷിഹാബുദ്ദീൻ ബൈക്കുമായെത്തി. പമ്പിൽ നിന്നു പെട്രോൾ അടിക്കുന്നതിനിടെ എസ്ഐയും സംഘവും പമ്പിലെത്തി. ജിതിന് അടിയേറ്റ സംഭവം ഷിഹാബുദ്ദീൻ എസ്ഐയുടെ ശ്രദ്ധയിൽപ്പെടുത്തി. പരാതിപ്പെടുമെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണെന്നും പറഞ്ഞതോടെ എസ്ഐ ജിതിനെ കസ്റ്റഡിയിലെടുത്തു പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചു. സുബിനും ഷിഹാബുദ്ദീനും ഇതു തടഞ്ഞു. സംഘർഷത്തിനിടെ നിലത്തുവീണ എസ്ഐയുടെ തോളെല്ലിനു പരിക്കേറ്റു. തുടർന്നാണ് എസ്ഐ സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്കു വെടിവച്ചത്. എസ്ഐയും മൂന്നു പോലീസുകാരും ജിതിനും സുബിനും ഷിഹാബുദ്ദീനും മാത്രമാണ് ഈ സമയം പമ്പിലുണ്ടായിരുന്നത്.ദളിത് സഹോദരങ്ങളെ അകാരണമായി മർദിച്ച എസ്ഐക്കെതിരേ നടപടി ആവശ്യപ്പെട്ടു സിപിഎമ്മിന്റെ നേതൃത്വത്തിൽ കോഴിക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ അന്തർ സംസ്ഥാന പാത ഉപരോധിച്ചു. തുടർന്നാണ് എസ്ഐ ഹരികൃഷ്ണനെ സ്ഥലംമാറ്റി ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടത്. പരിക്കേറ്റ എസ്ഐയെ കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.