തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിയിലേക്കു ബോംബെറിഞ്ഞ സംഘപരിവാർ സംഘടനകളുടെ നടപടിയെ അപലപിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചത്. പോസ്റ്റ് ഇങ്ങനെ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ച വേദിയിലേക്കു ബോംബ് എറിഞ്ഞതിലൂടെ തങ്ങളുടെ രാക്ഷസീയ മനോഭാവം സംഘപരിവാർ ശക്തികൾ കേരളത്തിനു മുമ്പാകെ വീണ്ടും വെളിപ്പെടുത്തി. അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമായ സംഭവമാണിത്. കണ്ണൂരിലെ സംഘർഷം അവസാനിപ്പിക്കണമെന്നു പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബ് നിർമാണവും ആക്രമണവും അവസാനിപ്പിച്ചു മാന്യമായ പൊതുപ്രവർത്തനത്തിനു സംഘപരിവാർ തയാറാകണം. ഫാസിസ്റ്റ് മനോഭാവവും ഭീഷണിയും കേരളത്തിലെ ജനങ്ങൾ തരിമ്പും അംഗീകരിക്കില്ല. ഇത്തരം ആക്രമണ മാർഗങ്ങൾ അവസാനിപ്പിക്കാൻ തയാറാകണം. കോടിയേരിക്കെതിരായ സംഘപരിവാർ ആക്രമണത്തെ അപലപിക്കുന്നു.