തിരുവനന്തപുരം: സംസ്ഥാനത്തു നിലവിലുള്ള രാഷ് ട്രീയ സാഹചര്യം വിലയിരുത്താനും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരേ കൂടുതൽ പ്രക്ഷോഭ പരിപാടികൾക്കു നേതൃത്വം നൽകാനുമായി ആറു മാസത്തിനു ശേഷം കെപിസിസിയുടെ വിശാല എക്സിക്യൂട്ടീവും ജനറൽ ബോഡിയും ഇന്നു ചേരും. രാവിലെ പത്തിന് ഇന്ദിരാഭവനിൽ ചേരുന്ന യോഗത്തിൽ കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ ആന്റണിയും പങ്കെടുക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താൻ കഴിഞ്ഞ ജൂണിൽ നെയ്യാർ ഡാമിൽ രണ്ടുദിവസത്തെ ക്യാമ്പ് എക്സിക്യൂട്ടീവ് ചേർന്നശേഷം കെപിസിസി നിർവാഹകസമിതി വിളിച്ചുചേർത്തിരുന്നില്ല. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് എതിർത്തു നിന്ന സാഹചര്യത്തിൽ എക്സിക്യൂട്ടീവ് യോഗം നീളുകയായിരുന്നു. ഏതാനും ദിവസം മുമ്പ് എഐസിസി ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുമായി ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയിൽ സംസ്ഥാന കോണ്ഗ്രസിലെ പ്രശ്നങ്ങൾക്കു താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 14നു ചേർന്ന രാഷ് ട്രീയകാര്യസമിതി യോഗത്തിൽ എക്സിക്യൂട്ടീവ് വിളിച്ചു ചേർക്കാതിരിക്കുന്നതിന് എതിരേ വിമർശനം ഉയർന്നിരുന്നു. രാഷ് ട്രീയ കാര്യ സമിതിയുടെ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണു യോഗം ചേരാൻ തീരുമാനിച്ചത്. പാർട്ടിയിൽ അടിമുടി കെട്ടുറപ്പുണ്ടാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ പ്രചരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യമെന്നാണു കെപിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവർ പറയുന്നത്. സംസ്ഥാനത്തു പാർട്ടി നടത്തിവരുന്ന പ്രക്ഷോഭപരിപാടികൾ സംബന്ധിച്ച വിലയിരുത്തലും യോഗത്തിൽ ഉണ്ടാകും.സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതും ചർച്ചയാകും. സംസ്ഥാന സർക്കാരിനെതിരായ പ്രക്ഷോഭത്തിനു മൂർച്ച കുറവാണെന്നു പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നിരിക്കുന്ന സാഹചര്യത്തിലെ അതു പരിഹരിക്കാൻ സാധിക്കുന്ന തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടാകുമെന്നാണു സൂചന. വിലക്കയറ്റം, റേഷൻ വിതരണത്തിലെ പ്രതിസന്ധി, വരൾച്ച, വിവരാവകാശനിയമത്തിൽ സർക്കാരിന്റെ നിലപാട്, തോട്ടണ്ടി ഇടപാടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ, ഉദ്യോഗസ്ഥ തലത്തിലെ പോര്, ലോ അക്കാഡമി സമരം ഉൾപ്പെടെ വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.