മുളങ്കുന്നത്തുകാവ്(തൃശൂർ): മെഡിക്കൽ വിദ്യാർഥിനിയെ ഓപ്പറേഷൻ തിയറ്ററിൽവച്ചു അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ജനറൽ സർജറി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ഹബിബ് മുഹമ്മദി (47) നെയാണു പേരാമംഗലം സിഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശിയാണ് ഇയാൾ. ഇന്നലെ രാവിലെ ഡ്യൂട്ടിക്കെത്തിയ ഡോ. ഹബീബിനെ വിദ്യാർഥിപ്രതിഷേധത്തെതുടർന്നു പ്രിൻസിപ്പലിന്റെ ഓഫീസിലെത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡോക്ടറെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയോടു കഴിഞ്ഞദിവസം ഡോക്ടർ അപരമര്യാദയായി പെരുമാറിയെന്നാണു പരാതി. ഓപ്പറേഷൻ തിയറ്ററിൽ പരിശീലനത്തിലായിരുന്ന തന്നെ സഹകരിച്ചാൽ മാർക്ക് കൂട്ടിനല്കാമെന്നു പറഞ്ഞു ശരീരഭാഗങ്ങളിൽ കയറിപിടിച്ചെന്നാണു വിദ്യാർഥിനി പരാതിപ്പെട്ടത്. വിദ്യാർഥിനി ബഹളംവച്ചതോടെ മറ്റു വിദ്യാർഥികൾ എത്തി ഡോക്ടറെ വളഞ്ഞുവച്ചെങ്കിലും മറ്റുള്ളവർ ഇടപെട്ടു രക്ഷപ്പെടുത്തി. തുടർന്ന് ഇന്നലെ രാവിലെ വിദ്യാർഥികൾ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഡോക്ടർക്കെതിരേ നടപടിയാവശ്യപ്പെട്ടു കോളജ് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രിൻസിപ്പൽ ഓഫീസ് ഉപരോധിക്കുകയും കോലം കത്തിക്കുകയും ചെയ്തു. വിദ്യാർഥിനിയുടെ പരാതിക്കു പിന്നാലെ നിരവധി പേർ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ആശുപത്രി ഉന്നതാധികാര സമിതിയുടെ യോഗം ചേരുന്നതിനിടെ മറ്റ് മൂന്നു വിദ്യാർഥിനികൾ കൂടി സമാന പരാതിയുമായി എത്തിയിരുന്നു. മുമ്പ് സമാനമായ കേസിൽ നടപടി നേരിട്ടിട്ടുള്ളയാണു ഡോക്ടർ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവതിയുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈലിൽ പകർത്തിയതു വിവാദമായിരുന്നു. അന്നു കടുത്ത നടപടിയിൽനിന്നു രാഷ്ട്രീയ നേതൃത്വം ഇടപെട്ടാണ് ഇയാളെ രക്ഷപ്പെടുത്തിയതെന്ന് ആരോപണമുണ്ട്. പിന്നീടു ശിക്ഷാനടപടിയുടെ ഭാഗമായി തൃശൂർ മെഡിക്കൽ കോളജിലേക്കു സ്ഥലംമാറ്റുകയായിരുന്നു. അപമാനിതയായ വിദ്യാർഥി പ്രിൻസിപ്പലിനും പോലീസിനും ആരോഗ്യവകുപ്പ് ഡയറക്ടർക്കും പരാതി നല്കിയിരുന്നു. പേരാമംഗലം സിഐ സന്തോഷ്, മെഡിക്കൽ കോളജ് എസ്ഐ വി.കെ. കൃഷണകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്