തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി വനിതാ പോലീസ് ബറ്റാലിയൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്ണൂരോ തിരുവനന്തപുരമോ ആസ്ഥാനമാക്കിയാകും ബറ്റാലിയൻ രൂപീകരിക്കുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പിന്നീട് കൈക്കൊള്ളും. ഒരു കമൻഡാന്റ്, 20 വനിതാ പോലീസ് ഹവിൽദാർ, 380 വനിതാ പോലീസ് കോണ്‍സ്റ്റബിൾ, അഞ്ചു ഡ്രൈവർ, 10 ടെക്നിക്കൽ ജീവനക്കാർ, ഒരു ആർമറർ എസ്ഐ, 20 ക്യാമ്പ് ഫോളോവർമാർ, ഒരു അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഒരു ജൂണിയർ സൂപ്രണ്ട്, ഒരു കാഷ്യർ- സ്റ്റോർ അക്കൗണ്ടന്റ്, എട്ട് ക്ലാർക്ക്, രണ്ട് ടൈപ്പിസ്റ്റ്, ഒരു ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളാണ് ഇതിലേക്ക് സൃഷ്ടിക്കുക. വനിതാ പോലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. 74 കായിക താരങ്ങൾക്ക് സായുധ സേനയിൽ നിയമനം നൽകാനും തീരുമാനിച്ചു. സംസ്ഥാനത്തെ പോലീസ് സേനയിൽ സ്പോർട്സ് ക്വോട്ട നിയമനത്തിനു വിവിധ കായിക ഇനങ്ങളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചവരും പ്രത്യേക തെരഞ്ഞെടുക്കൽ പ്രക്രിയയിലൂടെ നിയമനയോഗ്യത നേടിയവരുമായ കായിക താരങ്ങൾക്ക് നിയമനം നൽകും.