കോട്ടയം: സംസ്ഥാനത്തെ കഴിവുതെളിയിച്ച സമർഥൻമാരായ ഓഫീസർമാരടക്കമുള്ള പോലീസ് സേനാംഗങ്ങൾക്ക് ഈ വർഷത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡൽ നഷ്ടപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി ഗൗരവമായി പരിശോധിക്കണമെന്ന് പി.സി. ജോർജ്.മെഡലിന് യോഗ്യമായവരുടെ പട്ടിക നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരന്തരം ആവശ്യപ്പെട്ടിട്ടും സമയത്ത് നൽകാതിരുന്നത് വൻ വീഴ്ചയാണ്.മുതിർന്ന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ നിലനിൽക്കുന്ന ശീതസമരം മൂലമാണിത് സംഭവിച്ചതെന്ന് സംസാരമുണ്ട്. അങ്ങനെയെങ്കിൽ ഇത് നിസാരമായി കാണാനാവില്ല. ആഭ്യന്തരവകുപ്പിനെ നിരന്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനും അപകീർത്തിപ്പെടുത്താനും ആരെങ്കിലും ബോധപൂർവം ശ്രമിക്കുന്നുണ്ടോയെന്നും സംശയം ഉയരുന്നുണ്ട്.പോലീസ് സേനാംഗങ്ങൾക്ക് മെഡൽ നഷ്ടപ്പെടാനിടയായ സാഹചര്യം ദേശീയതലത്തിൽ തന്നെ സംസ്ഥാനത്തിന് നാണക്കേടാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രി വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.