തിരുവനന്തപുരം: വിദ്യാർഥികളെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പട്ടിക ജാതിക്കാരായ വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന പരാതിയിലാണു കേസ്. വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും കോളജിനെതിരേ നിരവധി പരാതികൾ ലഭിച്ചതായി കമ്മിഷൻ അംഗം പി.മോഹൻദാസ് അറിയിച്ചു. ഇക്കാര്യത്തിൽ പ്രിൻസിപ്പാളിനോടും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടും വിശദീകരണം ആവശ്യപ്പെട്ടതായും കമ്മിഷൻ വ്യക്തമാക്കി. അതേസമയം, വിദ്യാർഥികളുടെ പരാതികൾ അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച ഉപസമിതി കോളജിൽ തെളിവെടുപ്പ് ആരംഭിച്ചു. സർവകലാശാല അഫിലിയേഷൻ കമ്മിറ്റി ചെയർമാൻ ഡോ. പി.രാജേഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള ഒന്പതംഗ സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. ഇന്നും നാളെയുമായി വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും അധ്യാപകരിൽനിന്നും തെളിവെടുക്കുന്ന ഉപസമിതി ശനിയാഴ്ച സർവകലാശാലയ്ക്കു റിപ്പോർട്ട് സമർപ്പിക്കും. കോളജിനെതിരെ ഉയരുന്ന ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണെന്ന് ലക്ഷ്മി നായർ വ്യക്തമാക്കി. കോളജിൽ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് വിപുലമായ സംവിധാനങ്ങളാണെന്നു പറഞ്ഞ അവർ കാന്പസ് രാഷ്ട്രീയത്തിനിറങ്ങിയവർക്കു പോലും ഹാജർ നൽകിയ പ്രിൻസിപ്പാളാണ് താനെന്നും കൂട്ടിച്ചർത്തു.