കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ തൂവൽപക്ഷികളാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുട്ടിലിൽ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സസ്ഥാന സർക്കാരുകൾ ഒരേപോലെ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുകയാണ് കേന്ദ്ര സർക്കാർ പണം നൽകാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. സംസ്ഥാന സർക്കാരാകട്ടെ, കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് പാവപ്പെട്ടവർക്ക് പണം നൽകാതെ ലഭിക്കുമായിരുന്ന റേഷനരി പോലും നിക്ഷേധിക്കുന്നു. കറൻസി നിരോധനത്തിനായി പ്രധാനമന്ത്രി ഉയർത്തിക്കാട്ടിയ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിഞ്ഞു. കള്ളപ്പണവും കള്ളപ്പണക്കാരെയും പിടിക്കാൻ നോട്ട് നിരോധനം എന്നായിരുന്നു മോദിയുടെ പ്രചാരണം. എന്നാൽ കറൻസി മാറ്റിയെടുക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ നിരോധിച്ചതിലും കൂടുതൽ നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തിയതാണ് അനൗദ്യോഗിക കണക്ക്. നേപ്പാളും ബൾഗേറിയയും മൗറീഷ്യസും അടക്കം ഇന്ത്യൻ കറൻസി ഉപയോഗിക്കുന്ന രാജ്യങ്ങളിലെ കണക്കുകൂടി പുറത്തുവരുന്നതോടെ ഇതിന്റെ ഭയാനകമായ ചിത്രം വ്യക്തമാകും. നിരോധിച്ച നോട്ടുകളുടെ മൂല്യത്തെക്കാൾ കൂടുതൽ മൂല്യമുള്ള നോട്ടുകൾ തിരിച്ചുവന്നതിലൂടെ രാജ്യത്തെ കള്ളപ്പണക്കാരെ സംരക്ഷിക്കാനും കള്ളപ്പണം വെളുപ്പിക്കാനും മാത്രമേ നിരോധനം ഉപകരിച്ചിട്ടുള്ളൂ എന്നാണ് വ്യക്തമാകുന്നത്. രാജ്യത്തെ സന്പത്തികസ്ഥിതി എന്തെന്ന് വിവരിക്കാൻ റിസർവ് ബാങ്ക് ഗവർണർക്കുപോലും സാധിക്കുന്നില്ല. അത്രയ്ക്ക് തകർന്നിരിക്കയാണ് രാജ്യത്തിന്റെ സാന്പത്തിക മേഖല. ജീവിക്കാനുള്ള സാഹചര്യം നഷ്ടപ്പട്ട അവസ്ഥയിലാണ് സംസ്ഥാനത്തെ ജനങ്ങൾ.സ്വസ്ഥമായി ജീവിക്കാനുള്ള അന്തരീക്ഷവും ഭക്ഷണവുമാണ് ജനങ്ങളുടെ മുഖ്യമായ ആവശ്യങ്ങൾ. ഇത് രണ്ടും എൽ ഡിഎഫ് സർക്കാർ നിക്ഷേധിച്ചിരിക്കയാണ്. കേരളത്തിലെ റേഷൻ സംവിധാനം പിണറായി സർക്കാർ പാടെ തകർത്തു. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നു. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം എന്ന് നാം അഭിമാനത്തോടെ പറയുന്ന സംസ്ഥാന സ്കൂൾ കലോത്സവ വേദിക്ക് അരികിൽ പോലും രാഷ്ട്രീയ കൊലപാതം ഉണ്ടായി. മുഖ്യമന്ത്രിക്ക് ഒരു പോലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്യാനുള്ള സുരക്ഷ ഒരുക്കാൻ പോലും ആഭ്യന്തര വകുപ്പിന് കഴിയുന്നില്ല. രൂക്ഷമായ വരൾച്ചയും ഉത്പന്നങ്ങളുടെ വിലത്തകർച്ചയും മൂലം കഷ്ടപ്പെടുന്ന കർഷകരെ സഹായിക്കാൻ ഒന്നും ചെയ്യാൻ സർക്കാരിന് കഴിയുന്നില്ലഉമ്മൻചാണ്ടി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷത വഹിച്ചു കെപിസിസി ജനറൽ സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്റ് കെ.സി. അബു, എൻ.ഡി. അപ്പച്ചൻ, പി.ടി. ഗോപാലക്കുറുപ്പ്, കെ.വി. പോക്കർ ഹാജി, ബിനു തോമസ്, പി.കെ. കുഞ്ഞിമൊയ്തീൻ, കെ.ഇ. വിനയൻ, പി.പി. ആലി, മാണി ഫ്രാൻസീസ്, കെ. മിനി, മോഹൻദാസ് കോട്ടകൊല്ലി, ഉഷ തന്പി, ടി.വി. തോമസ്, വി.പി. സജി, ശശി പന്നികുഴി, സുന്ദർരാജ് എടപ്പെട്ടി, കെ.പദ്മനാഭൻ, മുസ്തഫ പയന്തോത്ത്, പി.ടി. സ്കറിയ, കെ. എൽ. ജോഷി, ഫെന്നി കുര്യൻ, വി. അശോകൻ, സി.കെ. സരസമ്മ, മനോജ് പറളിക്കുന്ന്, ബെന്നി വെട്ടിക്കൽ, ഹസൻ കുട്ടി, കെ. ബലകൃഷ്ണൻ നായർ, ഉമ്മർ പൂപ്പറ്റ, ബാബു പിണ്ടിപ്പുഴ, ബഷീർ മടക്കിമല, പി. സുലൈമാൻ, സീമ ജയരാജ് എന്നിവർ പ്രസംഗിച്ചു.