തെരഞ്ഞെടുപ്പു കമ്മീഷൻ പിടിമുറുക്കി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മൂക്കുകയർ. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ സൈനിക കമാൻഡർമാരുടെ യോഗം പൊതു പരിപാടിയാക്കരുതെന്നും പ്രഖ്യാപനങ്ങൾ നടത്തരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിരോധ മന്ത്രാലയത്തിനും മുന്നറിയിപ്പ് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ, കൈക്കൂലി പരാമർശം നടത്തിയ കേജരിവാളിനു താക്കീത് നൽകി. അതിനിടെ, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രത്യേക ഗ്രാമസഭ നടത്താനുള്ള നീതി ആയോഗിന്‍റെ നടപടിയും തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. തെരഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്‌ട്രീയ നീക്കമാണ് ഡെറാഡൂണിൽ സംയുക്ത സൈനിക കമാൻഡർമാരുടെ യോഗമെന്നു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചതോടെയാണ് പ്രധാനമന്ത്രിയുടെ പരിപാടിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടത്. പ്രധാനമന്ത്രിയുടേത് ഒൗദ്യോഗിക പരിപാടി മാത്രമാണെന്നു ചൂണ്ടിക്കാട്ടിയ കമ്മീഷൻ, ഇതേത്തുടർന്ന് പൊതുപരിപാടി നടത്തുകയോ പ്രഖ്യാപനങ്ങൾക്കുള്ള വേദിയാക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി. സൈനികർക്കും വിമുക്ത ഭടന്മാർക്കും പ്രയോജനകരമാകുന്ന ഏതെങ്കിലും പ്രഖ്യാപനങ്ങളോ വാഗ്ദാനങ്ങളോ നടത്തിയാൽ അത് മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നും കേന്ദ്ര പ്രതിരോധ സെക്രട്ടറിക്ക് അയച്ച കത്തിൽ കമ്മീഷൻ വ്യക്തമാക്കി. അതേസമയം, ഗോവയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമർശത്തിലാണ് കേജരിവാളിനെ കമ്മീഷൻ താക്കീത് ചെയ്തത്. ബിജെപിയോടും കോണ്‍ഗ്രസിനോടും പണം വാങ്ങിക്കോളൂ, എന്നാൽ, വോട്ട് ആപ്പിനു നൽകണമെന്നായിരുന്നു കേജരിവാളിന്‍റെ പ്രസ്താവന. ഇതു കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുന്നതും പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നുമുള്ള ബിജെപിയുടെ വാദം കമ്മീഷൻ അംഗീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ പ്രത്യേക ഗ്രാമസഭകൾ വിളിച്ച നീതി ആയോഗിന്‍റെ നടപടിയാണ് കമ്മീഷനെ ചൊടിപ്പിച്ച മറ്റൊരു വിഷയം. ജില്ലാ കളക്ടർമാരെ കൂടി ഉൾപ്പെടുത്തി ഗ്രാമസഭകൾ ചേരാനായിരുന്നു നീതി ആയോഗ് സർക്കുലർ പുറത്തിറക്കിയിരുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂടിയായ ജില്ലാ കളക്ടർമാരെ കൂടി ഉൾപ്പെടുത്തിയുള്ള നടപടിക്കു അനുമതി തേടിയില്ലെന്നു ചൂണ്ടിക്കാട്ടിയ തെരഞ്ഞെടുപ്പ് കമ്മീഷൻ, തെരഞ്ഞെടുപ്പ് നടത്തിയതിനു ശേഷം ഗ്രാമസഭകൾ വിളിച്ചു ചേർക്കാവുന്നതാണെന്നും നീതി ആയോഗ് വൈസ് ചെയർമാന് അയച്ച കത്തിൽ വ്യക്തമാക്കി.