കോഴിക്കോട്: കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം കുത്തനെ വർധിപ്പിച്ച ഫീസ് നിരക്കുകൾ ഉപഭോക്താക്കൾക്ക് ഇരുട്ടടിയാകുന്നു. മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ച ചാർട്ടിൽ ഒരേ സേവനങ്ങൾക്കു വിവിധയിനത്തിൽ ഫീസ് ഏർപ്പെടുത്തിയത് ഓഫീസുകളിൽ തർക്കങ്ങൾക്കും സംഘർഷത്തിനും കാരണമാകുന്നുണ്ട്. ഡ്രൈവിംഗ് ലൈസൻസിന് 200 രൂപയാണു ചാർട്ടിൽ പറയുന്ന പുതിയ ഫീസ്. എന്നാൽ വിവിധ ഫീസായി ഒരു ഡ്രൈവിംഗ് ലൈസൻസിനു 950 രൂപ അടയ്ക്കണം. മുപ്പതു ദിവസത്തെ ഗ്രേസ് പീരിയഡിനകം ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ 200 രൂപയാണു ചാർട്ടിൽ പറയുന്ന ഫീസ്. എന്നാൽ സ്മാർട്ട് കാർഡിന്റെ 200 രൂപയും, സർവീസ് ചാർജിനത്തിൽ 50 രൂപയും ചേർത്ത് 450 രൂപ അടച്ചാലേ ലൈസൻസ് പുതുക്കി കിട്ടൂ. മുപ്പത് ദിവസത്തെ ഗ്രേസ് സമയം കഴിഞ്ഞു ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനു മുന്നൂറു രൂപയാണു ചാർട്ടിൽ പറയുന്ന ഫീസ്. ഒരു വർഷം വരെ ആയിരം രൂപ പിഴയായി നൽകണം. ഗ്രേസ് സമയം കഴിഞ്ഞ് ഒരു ദിവസമായാലും ആയിരം രൂപ പിഴ നൽകണം. ഇതിനു പുറമെ സ്മാർട്ട് കാർഡിന്റെ 200 രൂപയും സർവീസ് ചാർജായ അൻപതു രൂപയും ചേർത്തു മൊത്തം 1550 രൂപയടച്ചാലേ ഗ്രേസ് സമയം കഴിഞ്ഞ ലൈസൻസ് പുതുക്കി നൽകൂ.കാലാവധി കഴിഞ്ഞ് ഒരു വർഷവും ഒരു ദിവസവുമായാൽ രണ്ടായിരം രൂപയാണു പിഴ. ഒരോ വർഷവും ആയിരം രൂപ തോതിൽ പിഴ തുക ഉയർന്നുകൊണ്ടിരിക്കും.