പൊൻകുന്നം: പൊൻകുന്നത്തിനു സമീപമുള്ള സ്വകാര്യ സ്കൂളിൽ ആർഎസ്എസ് ക്യാമ്പ് നടത്തിയതുമായി ബന്ധപ്പെട്ടു ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിനെത്തുടർന്നു പൊൻകുന്നത്തു സംഘർഷം. രണ്ടു പോലീസുകാർക്കും മൂന്നു ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. കണ്ണിനു പരിക്കേറ്റ പോലീസുകാരനായ കെഎപി അഞ്ചാം ബറ്റാലിയനിലെ നിതിൻ(27)നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊൻകുന്നം പോലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളായ ലക്ഷ്മി രാജിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾ നൽകിയശേഷം വിട്ടയച്ചു. പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകരായ അജു(23), ശരണ്‍ (21), അജയൻ (19) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മണിമല പോലീസ് സ്റ്റേഷനിലെ ജീപ്പുകളുടെ ചില്ലുകളും പൊൻകുന്നം പോലീസ് സ്റ്റേഷന്റെ കണ്ണാടി ചില്ലുകളും സിസിടിവി കാമറയും അക്രമികൾ അടിച്ചു തകർത്തു. ഇന്നലെ രാവിലെ 11-ാടെയായിരുന്നു സംഭവം. ശ്രേയസ് പബ്ലിക് സ്കൂൾ ആർഎസ്എസിന്റെ ആയുധപുരയാക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത്