തിരുവനന്തപുരം: വൈദ്യുതി നിരക്കു വർധിപ്പിച്ചു കൊണ്ടുള്ള റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് രണ്ടാഴ്ചയ്ക്കുള്ളിൽ ഇറക്കാൻ കമ്മീഷൻ ഉപദേശക സമിതി യോഗ തീരുമാനം. വ്യവസായങ്ങൾക്ക് യൂണിറ്റിന് 30 പൈസയും ഗാർഹിക ഉപയോക്താക്കൾക്ക് ഉപയോഗം അനുസരിച്ച് 10 മുതൽ 25 വരെ പൈസയും വർധനയാണു പരിഗണിക്കുന്നത്. പ്രതിമാസ വൈദ്യുതി ഉപയോഗം 40 യൂണിറ്റിൽ താഴെയുള്ളവർക്കു നിരക്ക് വർധന നടപ്പാക്കില്ല. റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കിയാൽ കെഎസ്ഇബി ലിമിറ്റഡ് ഡയറക്ടർ ബോർഡും മന്ത്രിസഭയും അംഗീകരിക്കുന്നതോടെ വൈദ്യുതി നിരക്കു വർധന പ്രാബല്യത്തിലാകും. നിരക്കു വർധന ചർച്ച ചെയ്യുന്നതിന് കമ്മീഷന്റെ ഉപദേശക സമിതി യോഗം റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ ടി.എം.മനോഹരന്റെ അധ്യക്ഷതയിൽ നടന്നു. നിരക്കു വർധന പാടില്ലെന്ന് വ്യവസായങ്ങളുടെയും ഗാർഹിക ഉപയോക്താക്കളുടെയും പ്രതിനിധികൾ യോഗത്തിൽ വാദിച്ചു. നിരക്കു വർധനയിലൂടെ വർഷം 500 മുതൽ 600 വരെ കോടി രൂപ വൈദ്യുതി ബോർഡിന് അധിക വരുമാനം ലഭിക്കുമെന്നാണു റെഗുലേറ്ററി കമ്മീഷൻ കണക്കാക്കുന്നത്. എന്നാൽ, 1000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ വാദം. ഗാർഹിക ഉപയോക്താക്കളെ നിരക്കു വർധനയിലൂടെ ബുദ്ധിമുട്ടിക്കരുതെന്ന് റസിഡന്റ്സ് അസോയിയേഷൻ പ്രതിനിധി ഉപദേശക സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. മുൻ വർഷങ്ങളിലെ ബോർഡിന്റെ ബാധ്യതയാണ് ഇപ്പോൾ നികത്തിക്കൊടുക്കുന്നത്. ഇതിനു ശേഷമുള്ള കാലയളവിൽ 10 ലക്ഷത്തോളം ഉപയോക്താക്കൾ അധികമായി വന്നിട്ടുണ്ടെന്നു വ്യവസായ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.നിരക്കു വർധിപ്പിക്കാനുള്ള ഹിയറിംഗിൽ തങ്ങൾക്കു കനത്ത സാമ്പത്തിക ബാധ്യതയുണ്ടെന്നു വാദിക്കുമ്പോൾ തന്നെ എത്ര മാത്രം നിരക്കു വർധിപ്പിക്കണമെന്ന് ബോർഡ് പറയുന്നില്ലെന്നും വ്യവസായികൾ ചൂണ്ടിക്കാട്ടുന്നു