തിരുവനന്തപുരം: കോണ്ഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാളെ ഡൽഹിയിൽ ചർച്ച നടത്തും. ഇതിനായി ഇന്നു ഡൽഹിക്കു പുറപ്പെടും.ചൊവ്വാഴ്ച ഡൽഹിയിൽനിന്നു മടങ്ങുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. ഡിസിസി പ്രസിഡന്റ് നിയമനത്തെ തുടർന്നു നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ഉമ്മൻ ചാണ്ടിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോണ്ഗ്രസ് ഉപാധ്യക്ഷന്റെ ഇടപെടൽ.എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ആണ് ഡൽഹിയിലെത്താൻ ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെട്ടത്. ഇന്നലെ തിരുവനന്തപുരത്തു നടന്ന കോണ്ഗ്രസ് രാഷ് ട്രീയകാര്യ സമിതി യോഗത്തിൽ ഉമ്മൻ ചാണ്ടി പങ്കെടുത്തിരുന്നില്ല. സമിതി യോഗം നടന്ന ദിവസം തന്നെയാണ് ചർച്ചയ്ക്കായി ഉമ്മൻ ചാണ്ടിയെ ഡൽഹിയിലേക്കു ക്ഷണിച്ചതെന്ന പ്രത്യേകതയുണ്ട്.ഇതിനിടെ, ഡിസിസി പ്രസിഡന്റുമാരുടെ നോമിനേഷനുമായി ബന്ധപ്പെടുത്തി മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് ഉമ്മൻ ചാണ്ടി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. നോമിനേഷനെതിരായി താൻ ഒന്നും പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായമുണ്ട്. അതു നേതൃത്വത്തോടു പറയും. താൻ ഒരു പരാതിയും ആരോടും പറഞ്ഞിട്ടില്ല. ഒരു ഡിമാൻഡും തനിക്കില്ല. പാർട്ടിയിൽ തെരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം ഉണ്ട്. അതു പുതിയ നിലപാടല്ല. സംഘടനാ തെരഞ്ഞെടുപ്പു വഴി താഴേത്തട്ടു മുതൽ ഉൗർജസ്വലമായ നേതൃത്വം ഉണ്ടായാലേ ഇന്നു പാർട്ടി നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ കഴിയൂ എന്നാണു വ്യക്തിപരമായ അഭിപ്രായം. കോണ്ഗ്രസ് നേതൃത്വവുമായുള്ള ചർച്ചകളിലെല്ലാം ഇക്കാര്യം ഉന്നയിക്കുകയും അനുകൂല പ്രതികരണം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്: ഉമ്മൻ ചാണ്ടി വ്യക്തമാക്കി.ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിൽ എ ഗ്രൂപ്പിനെ തഴഞ്ഞു എന്ന ആക്ഷേപം നിലനിൽക്കുമ്പോഴും ആ പ്രശ്നം രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽ ഉന്നയിച്ചേക്കില്ല. സംഘടനാ തെരഞ്ഞെടുപ്പ് എന്ന ഒറ്റ വിഷയത്തിൽ ഉൗന്നിയായിരിക്കും ഉമ്മൻ ചാണ്ടി നിലപാടെടുക്കുക. കേരളത്തിൽ തെരഞ്ഞെടുപ്പിലൂടെ പുതിയ നേതൃത്വത്തെ കൊണ്ടുവരിക എന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരേയാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. ഏതായാലും ഉമ്മൻ ചാണ്ടിയെ മാറ്റിനിർത്തിക്കൊണ്ട് കേരളത്തിൽ സംഘടനാ പ്രവർത്തനവുമായി മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന വസ്തുത ഹൈക്കമാൻഡിനും ബോധ്യപ്പെട്ടു എന്നതാണു സ്ഥിതി.