പൊതുമരാമത്ത് നിർമാണങ്ങളിൽ കൃത്യതയും വേഗതയും ഉറപ്പ് വരുത്തും: ജി.സുധാകരൻ ചാത്തന്നൂർ: പൊതുമരാമത്ത് നിർമാണങ്ങളിൽ കൃത്യതയും വേഗതയും ഉറപ്പ് വരുത്തുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. പള്ളിമൺ പുതിയ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.നിർമാണങ്ങളിൽ നിഷ്കർഷിക്കുന്ന സാമഗ്രികൾ കൃത്യമായി ഉപയോഗിക്കുന്നുവെന്ന് ഉദ്യോഗസ്‌ഥർ ഉറപ്പുവരുത്തണം. നിയമങ്ങളും ചട്ടങ്ങളും പാലിച്ചാകണം നിർമാണം. കാലതാമസം സൃഷ്ടിച്ച് നിരക്ക് വ്യത്യാസവും എസ്റ്റിമേറ്റ് പുതുക്കലും വരുത്തി സർക്കാരിന് സാമ്പത്തിക നഷ്ടവും ജനങ്ങൾക്ക് ബുദ്ധിമുട്ടും ഉണ്ടാകുന്ന സാഹചര്യം അനുവദിക്കില്ല. നിർമാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം. അനാവശ്യ ഇടപെടലുകൾക്കോ ബാഹ്യ സമ്മർദ്ദങ്ങൾക്കോ പ്രലോഭനങ്ങൾക്കോ ഉദ്യോഗസ്‌ഥർ വഴിപ്പെടാൻ പാടില്ല. ശാസ്ത്രീയമായ നിർമാണത്തിലൂടെ റോഡുകൾ ദീർഘകാലം ഉപയോഗയോഗ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. പുതിയ ഡിസൈനുകൾ ആവിഷ്കരിക്കാൻ എഞ്ചിനീയർമാർക്ക് കഴിയണം. ഏനാത്ത് പാലത്തിന്റെ ബലക്ഷയത്തിൽ നിർമാണ സമയത്തെ അപാകമടക്കം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഐഐടിയിൽ നിന്നുള്ള വിദഗ്ധന്റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്ക് ശേഷം ബലപ്പെടുത്തൽ സംബന്ധിച്ച തീരുമാനം ഉണ്ടാകും. പുതിയ പാലത്തിന്റെ സാധ്യതയും ആവശ്യമെങ്കിൽ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. നിർദ്ദിഷ്ട തീരദേശ, മലയോര പാതകൾ, ദേശീയ പാത നാലുവരിയാക്കൽ, സംസ്‌ഥാന പാത, മുഖ്യ ജില്ലാ റോഡുകൾ, മറ്റ് പൊതുമരാമത്ത് റോഡുകൾ തുടങ്ങിയവയുടെ വികസന പ്രവർത്തനങ്ങൾ എന്നിവ സംസ്‌ഥാനത്തെ അടിസ്‌ഥാന സൗകര്യത്തിൽ വൻകുതിച്ചുചാട്ടമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണനല്ലൂർ ജംഗ്ഷൻ വിപുലീകരണത്തിന് 11 കോടി രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത പ്രസിഡന്റ് കെ ജഗദമ്മ, മുൻ എംഎൽഎമാരായ ഡോ.ജി.പ്രതാപവർമ്മ തമ്പാൻ, ഡോ.എ. യൂനുസ്കുഞ്ഞ്, ജില്ലാ പഞ്ചായത്തംഗം സി പി പ്രദീപ്, ബ്ലോക്ക് പഞ്ചായത്തംഗം പള്ളിമൺ സന്തോഷ്, പഞ്ചായത്തംഗങ്ങളായ പ്രസന്ന രാമചന്ദ്രൻ, എൻ ബാബു, ഷീബ, എം എസ് ശ്യാംകുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നാസറുദ്ദീൻ, സൂപ്രണ്ടിംഗ് എഞ്ചിനീയർ വി.വി.ബിനു എന്നിവർ പ്രസംഗിച്ചു.നിർമാണ കാലാവധി അവസാനിക്കും മുമ്പ് പണി പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് അഭിമാനമായി മാറുകയാണ് പള്ളിമൺ പാലം. 2016 മാർച്ച് മൂന്നുമുതൽ 2017 മാർച്ച് രണ്ടുവരെയായിരുന്നു നിർമാണ കാലാവധി. കാലാവധി തീരുന്നതിന് 45 ദിവസം മുമ്പ് പണി പൂർത്തിയാക്കുവാൻ കരാറുകാരന് കഴിഞ്ഞു