കോട്ടയം: മികച്ച എമർജിംഗ് യൂണിവേഴ്സിറ്റിക്ക് ഒരു കോടി രൂപയുടെ അവാർഡ് നൽകുമെന്നു ഗവർണർ ജസ്റ്റീസ് പി. സദാശിവം. എംജി യൂണിവേഴ്സിറ്റിക്ക് 2015-16 വർഷത്തെ ചാൻസലേഴ്സ് പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനു സർക്കാർ തുക അനുവദിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ചു മുഖ്യമന്ത്രിക്ക് ഉടൻ കത്ത് നൽകും. നിലവിലുള്ള ചാൻസലേഴ്സ് അവാർഡിന് 37 നിബന്ധനകളാണുള്ളത്. പുതിയതും താരതമേന്യ ചെറുതുമായ സർവകലാശാലകൾക്ക് ഇതു പാലിക്കാൻ കഴിയില്ല. ഇതിനു പരിഹാരമായാണു പുതിയ അവാർഡെന്നും ഇതിലൂടെ കലാമണ്ഡലം, മലയാളം തുടങ്ങി സർവകലാശാലകൾക്കും മത്സരത്തിന് അവസരം ലഭിക്കുമെന്നും അദേഹം പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ കേരളം മുന്നിലാണെങ്കിൽ ഉന്നത വിദ്യാഭ്യാസരംഗത്തു മറ്റു സംസ്ഥാനങ്ങൾ കേരളത്തെ കടത്തിവെട്ടുകയാണ്.സർവകലാശാലകൾ മികച്ച നിലവാരത്തിലേക്ക് ഉയർന്നാൽ മാത്രമേ ഇതു പരിഹരിക്കാനാകൂ.. ചാൻസലേഴ്സ് അവാർഡ് രാഷ്ട്രപതിയുടെയും അഭിനന്ദനം നേടിയിരുന്നു. സമാനരീതിയിൽ രാഷ്ട്രപതി കേന്ദ്ര സർവകലാശാലകൾക്കായി ഏർപ്പെടുത്തി അവാർഡിന്റെ തുക 50 ലക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.ഉന്നത വിദ്യാഭ്യാസരംഗത്തു ക്രിയാത്മകമായ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും അതു പ്രയോജനകരമാകുന്ന രീതിയിലുള്ളതാകണമെന്നും ചാൻസലേഴ്സ് അവാർഡ് വിതരണയോഗത്തിൽ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നല്ല ഗവേഷണ ഫലങ്ങളാണു സർവകലാശാലയിൽനിന്നു സമൂഹം പ്രതീക്ഷിക്കുന്നതെന്നു മുഖ്യപ്രഭാഷണം നടത്തിയ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.സമൂഹ മനഃസാക്ഷിയിലുള്ള സ്ഥാനം ഉയരുമ്പോഴാണ് യൂണിവേഴ്സിറ്റിയുടെ വളർച്ച പൂർണതയിലെത്തുന്നത്- അദ്ദേഹം ഓർമിപ്പിച്ചു. അഞ്ചു കോടി രൂപയുടെ പ്രൈസ് മണിയും ട്രോഫിയും പ്രശംസാപത്രവും അടങ്ങുന്നതാണ് ചാൻസലേഴ്സ് പുരസ്കാരം.ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി. ശ്രീനിവാസന്റെ നേതൃത്വത്തിലുളള അഞ്ചംഗ സമിതിയാണു ജേതാക്കളെ നിർണയിച്ചത്. സമിതിയുടെ ഏകകണ്ഠമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എംജി സർവകലാശാലയ്ക്കു പുരസ്കാരം നൽകിയത്.