ന്യൂഡൽഹി: നോട്ടു നിരോധനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനങ്ങളുന്നയിച്ചും ബിജെപിയെയും ആർഎസ്എസിനെയും കടന്നാക്രമിച്ചും കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്ത് യഥാർഥത്തിൽ അച്ചാദിൻ വരണം എങ്കിൽ 2019ൽ കോണ്ഗ്രസ് അധികാരത്തിലെത്തണമെന്നും രാഹുൽ പറഞ്ഞു. ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ എഐസിസി സംഘടിപ്പിച്ച ജൻ വേദന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. നോട്ടു നിരോധനം വെറും ഒഴിവുകഴിവു മാത്രമായിരുന്നു. യോഗയുടെയും മേക്ക് ഇൻ ഇന്ത്യയുടെയും ഫാഷൻ മാറ്റാൻ കഴിയില്ലെന്നു മോദിക്കറിയാമായിരുന്നു. അങ്ങനെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ തന്നെ നട്ടെല്ലൊടിച്ചു. ലോകത്തിലെ തന്നെ വലിയ സാമ്പത്തിക പരീക്ഷണമായിരുന്നു നോട്ട് അസാധുവാക്കൽ. ഉയർന്ന മൂല്യമുള്ള 500, 1000 നോട്ടുകൾ സർക്കാർ വെറും കടലാസ് മാത്രമാക്കി മാറ്റി. ആർബിഐ, ജുഡീഷ്യറി, മീഡിയ തുടങ്ങിയവ രണ്ടര വർഷംകൊണ്ട് മോദിയും ആർഎസ്എസും ഇല്ലാതാക്കി. ഇന്ത്യയെ സംരക്ഷിക്കാൻ കോണ്ഗ്രസ് ഒറ്റക്കെട്ടായി പോരാടും.70 വർഷം കൊണ്ട് കോണ്ഗ്രസ് രാജ്യത്തിനുവേണ്ടി എന്തു ചെയ്തെന്നാണ് ബിജെപിയും മോദിയും ചോദിക്കുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടര വർഷം കൊണ്ട് മോദിയും ബിജെപിയും രാജ്യത്തോട് എന്ത് ചെയ്തോ അതാണ് തങ്ങൾ ചെയ്യാതിരുന്നത്. രാജ്യത്തെ എല്ലാ മേഖലകളെയും മോദി സർക്കാർ ദുർബലപ്പെടുത്തി. ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രി അധിക്ഷേപത്തിന് ഇരയാകുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. നോട്ട് നിരോധനം എന്തായിരുന്നെന്നു പ്രധാനമന്ത്രി സ്വയം ചോദിച്ചു നോക്കുകയാണ് വേണ്ടത്. പാവപ്പെട്ടവരോടും കർഷകരോടും സംസാരിക്കാൻ പ്രധാനമന്ത്രി സമയം കണ്ടെത്തുകയാണ് വേണ്ടത്. കഴിഞ്ഞ 70 വർഷം കോണ്ഗ്രസ് രാജ്യത്തിന് വേണ്ടി ചെയ്തതെന്താണെന്നു ജനങ്ങൾക്കറിയാം. രാജ്യത്തിനു വേണ്ടി കോണ്ഗ്രസ് നേതാക്കൾ ചിന്തിയ രക്തവും കണ്ണീരും ജനങ്ങൾക്കു തിരിച്ചറിയാം. കോണ്ഗ്രസിന്റെ പ്രവർത്തകരും നേതാക്കളും ജീവൻ വെടിഞ്ഞ എത്ര സംസ്ഥാനങ്ങളുണ്ടെന്ന് തനിക്ക് എണ്ണിപ്പറയാൻ കഴിയുമെന്നും രാഹുൽ പറഞ്ഞു