വിവിധപദ്ധതികളുടെ ഉദ്ഘാടനംനാളെ

ആലപ്പുഴ > ഗവ. ടിഡി മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് സൂപ്രണ്ട് ആര്‍ വി രാംലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ പത്തിന് മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷയാകും. ഏഴുകോടി രൂപ ചെലവില്‍ കോളേജ് അങ്കണത്തില്‍ പൂര്‍ത്തീകരിച്ച ആയിരം പേര്‍ക്ക് ഇരിപ്പിട സൌകര്യമുള്ള എക്കോ പ്രൂഫ് സംവിധാനത്തോടെയുള്ള ഓഡിറ്റോറിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 25 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച 36 കിടക്കകളും എട്ട് വെന്റിലേറ്റര്‍ സൌകര്യവുമുള്ള മള്‍ട്ടി ഡിസിപ്ളിനറി ഐസിയുവിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി സുധാകരനും, 350 പേര്‍ക്ക് ഇരിപ്പിട സൌകര്യമുള്ള 8.4 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ ഗാലറി ടൈപ്പ് ലക്ചറര്‍ ഹാള്‍ നാലിന്റെ ഉദ്ഘാടനം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കും ഗാലറി ടൈപ്പ് ലക്ചറര്‍ ഹാള്‍ അഞ്ചിന്റെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി പി തിലോത്തമനും, നിര്‍ദ്ദിഷ്ട വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം രണ്ടുകോടി രൂപയില്‍ പണി പൂര്‍ത്തീകരിച്ച കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഒരേസമയം പത്തുപേര്‍ക്ക് ഡയാലിസിസ് നല്‍കാന്‍ സംവിധാനമുള്ള നവീകരിച്ച കാരുണ്യ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം കെ സി വേണുഗോപാല്‍ എംപിയും നിര്‍വഹിക്കും.