റേഷന്‍പ്രതിസന്ധി; എല്‍ഡിഎഫ്ധര്‍ണ്ണ ജനുവരി12ന്

തിരുവനന്തപുരം > റേഷന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം അടിയന്തിരമായി തിരുത്തണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ആഭിമുഖ്യത്തില്‍ നടക്കുന്ന സായാഹ്ന ധര്‍ണ്ണ വിജയിപ്പിക്കാന്‍ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു.ജനുവരി 12 ന് പഞ്ചായത്ത്-മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളിലാണ് സായാഹ്ന ധര്‍ണ്ണ. ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ നിര്‍ബന്ധിതമായതോടെ സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് സമ്പ്രദായം തകരുകയാണ്. നിരവധി പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത സാര്‍വത്രിക റേഷന്‍ സംവിധാനമാണ് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ ഭക്ഷ്യക്ഷാമത്തിന് പരിഹാരമാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മുന്‍ഗണനാ-മുന്‍ഗണനേതര ലിസ്റ്റ് പ്രകാരം പകുതിയോളം പേര്‍ക്ക് റേഷനരി കിട്ടാതാവുകയാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ നടപടി സ്വീകരിച്ചുവെങ്കിലും കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ഭക്ഷ്യധാന്യം കിട്ടിയാലേ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ. രണ്ട് ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം കൂടി പ്രതിമാസം സംസ്ഥാനത്തിന് അധികമായി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന ചിറ്റമ്മനയത്തില്‍ പ്രതിഷേധിച്ചും കേരളത്തിന് അര്‍ഹമായ അരിവിഹിതം നല്‍കണമെന്ന് ആവശ്യപ്പെട്ടും നടത്തുന്ന സമരത്തില്‍ മുഴുവന്‍ ബഹുജനങ്ങളും പങ്കെടുക്കണമെന്നും വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു