ഡിപ്പാർട്ട്മെന്റ് ടെസ്റ്റുകൾ ഓൺലൈനായി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രമോഷനു വേണ്ടി നടത്തുന്ന ഡിപ്പാർട്ട്മെന്റ് ടെസ്റ്റുകൾ ഇനി മുതൽ ഓൺലൈനായി നടത്തും. ഇന്നലെ ചേർന്ന പിഎസ്സി യോഗത്തിലാണ് ഈ തീരുമാനം. നിലവിൽ ഒഎംആർ രീതിയിലുള്ള പരീക്ഷയായിരുന്നു ഡിപ്പാർട്ട്മെന്റ് ടെസ്റ്റിനു നടത്തിയിരുന്നത്. ഈ രീതിക്കാണു മാറ്റം വരുന്നത്. ഡിപ്പാർട്ട്മെന്റ് ടെസ്റ്റിനുള്ള ഫീസ് നിരക്ക് വർധിപ്പിക്കാനും തീരുമാനമായി. അപേക്ഷിക്കുമ്പോൾ ഇരട്ടിക്കൽ വരികയാണെങ്കിൽ അവരിൽ നിന്നു രണ്ടു തവണ ഫീസ് ഈടാക്കുന്ന സ്‌ഥിതി ഉണ്ടായിരുന്നു. എന്നാൽ, നെറ്റ് തകരാർ ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് ഇരട്ടിക്കൽ വരാറുള്ളത്. ഇത്തരത്തിൽ രണ്ടു തവണ ഫീസ് ഈടാക്കിയാൽ അതു തിരികെ നല്കും. പിഎസ്സി നടത്തുന്ന എല്ലാ പരീക്ഷകൾക്കുമായി ക്വസ്റ്റ്യൻ ബാങ്ക് തയാറാക്കും. ഇതിനു മുന്നോടിയായി ഈ മാസം 24 ന് ശിൽപ്പശാല നടത്താനും ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമായി പരീക്ഷാ തീയതിക്ക് 20 ദിവസം മുമ്പേ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നവരെ മാത്രം പരീക്ഷയ്ക്കിരുത്തുന്ന ആദ്യ പിഎസ്സി പരീക്ഷ 13ന്. സോയിൽ സർവേ ഡിപ്പാർട്ട്മെന്റിലേയ്ക്കുള്ള പരീക്ഷയാണിത്. അപേക്ഷിക്കുന്നവരിൽ 50 ശതമാനം മാത്രമാണ് സാധാരണ പിഎസ്സി പരീക്ഷ എഴുതാറുണ്ടായിരുന്നത്. അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പരീക്ഷാ ഹാൾ ഒരുക്കുന്നതിനും ചോദ്യപേപ്പർ തയാറാക്കുന്നതിനായും പിഎസ്സിക്ക് വൻ തുക ചെലവഴിക്കേണ്ടി വന്നിരുന്നു. ഇതേ തുടർന്നാണു പ്രഫ. ലോപ്പസ് മാത്യ അധ്യക്ഷനായ സമിതിയെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചെലവുചുരുക്കൽ പദ്ധതി തയാറാക്കാനായി നിയമിച്ചത്. ഈ സമിതി നല്കിയ നിർദേശങ്ങളിൽ ഒന്നായിരുന്നു. പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നവരെ മാത്രം പരീക്ഷ എഴുതാൻ അനുവദിക്കുക എന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് പുതിയ രീതി പിഎസ്സി നടപ്പാക്കുന്നത്.