നോട്ട് പ്രതിസന്ധി: ജനങ്ങളെ രക്ഷിക്കണമെന്നു മമത ബാനർജി കോൽക്കത്ത: കേന്ദ്ര സർക്കാർ രാജ്യത്തു നടപ്പാക്കിയ വികലമായ സാമ്പത്തികനയങ്ങളിൽനിന്നു ജനങ്ങളെ രക്ഷിക്കണമെന്നു രാഷ്ട്രപതി പ്രണാബ് മുഖർജിയോടു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭ്യർഥിച്ചു. സിബിഐയെ ഉപയോഗിച്ച് തൃണമൂൽ കോൺഗ്രസിനെ അപകീർത്തിപ്പെടുത്താനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഭരണഘടനയുടെ തലവനെന്ന നിലയിൽ അടിയന്തരമായി ഇടപെട്ടു പരിഹാരം കാണണമെന്നും മമത അഭ്യർഥിച്ചു. റോസ്വാലി ചിട്ടിതട്ടിപ്പുകേസിൽ തൃണമൂലിന്റെ മുതിർന്ന നേതാവ് സുദീപ് ബന്ദോപാധ്യായെ സിബിഐ അറസ്റ്റ് ചെയ്തതു രാഷ്ട്രീയ പകപോക്കലാണെന്നു മമത പറഞ്ഞു. മണ്ണിന്റെ ഉത്സവമായ മതി ഫെസ്റ്റിവലിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അവർ. മോദിക്കെതിരേ തൃണമൂൽ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞു– അവർ വ്യക്‌തമാക്കി