ചേരിപ്പോര് ഭരണസ്തംഭനം: ചെന്നിത്തല

ആലപ്പുഴ: ഉദ്യോഗസ്‌ഥതലത്തിലെ ചേരിപ്പോര് മൂലം ഭരണം സ്തംഭിച്ചെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഐഎഎസുകാർ കൂട്ടഅവധിയെടുത്തു പ്രതിഷേധിക്കാനൊരുങ്ങുന്നതെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. ജില്ലാ കളക്ടർമാരും സബ് കളക്ടർമാരും ഒഴികെയുള്ള എല്ലാ ഐഎഎസുകാരും ഇന്നു കൂട്ട അവധിയെടുക്കുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്മുമ്പും ഉദ്യോഗസ്ഥ തലപ്പത്തു തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, അന്നെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും ഇടപെട്ടു പരിഹരിക്കുമായിരുന്നു. ഇപ്പോൾ തമ്മിലടി പിടിച്ചാൽ കിട്ടാത്ത സ്‌ഥിതിയായിട്ടും ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടിലിരിക്കുകയാണു മുഖ്യമന്ത്രി. ഇരുകൂട്ടരുടെയും പരാതി വാങ്ങി തലയണയ്ക്കടിയിൽ വച്ചു മുഖ്യമന്ത്രി ഉറങ്ങുകയാണ്. ഒരു കാര്യത്തിലും സമയത്തു തീരുമാനമെടുക്കാതെ താമസിപ്പിക്കുന്ന സർക്കാർ നയമാണ് ഇക്കാര്യത്തിലും. വിജിലൻസ് ഡയറക്ടർ വ്യക്‌തിവൈരാഗ്യം തീർക്കാൻ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഐഎഎസ് ഉദ്യോഗസ്ഥർ ഉന്നയിക്കുന്നത്. 40 കോടി രൂപയുടെ അനധികൃത സമ്പാദ്യം ജേക്കബ് തോമസിനുണ്ടെന്നതടക്കമുള്ള ആരോപണങ്ങളും പരിശോധിക്കണം. മുഖ്യമന്ത്രിക്ക് ഐഎഎസ്– ഐപിഎസ് ഉദ്യോഗസ്ഥർ നൽകിയിട്ടുള്ള പരാതികളുടെ ഇപ്പോഴത്തെ സ്‌ഥിതിയെന്താണ്. കേരളത്തിലെ ചരിത്രത്തിലെ ദുർബലനായ മുഖ്യമന്ത്രിയാണു പിണറായിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി