ഐഎഎസ് പ്രതിഷേധം: ഘടകകക്ഷി മന്ത്രിമാർക്ക് അതൃപ്തി

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്‌ഥരുടെ നിയമനത്തിലടക്കം മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയ നിലപാടുകളിൽ ഘടകകക്ഷി മന്ത്രിമാർക്ക് കടുത്ത അതൃപ്തി. സ്വന്തം വകുപ്പുകളിലെ സെക്രട്ടറിമാരെയും വകുപ്പു മേധാവികളെയുംപോലും തെരഞ്ഞെടുക്കാൻ മന്ത്രിമാർക്ക് അവകാശം നൽകാതെ, തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന മുഖ്യമന്ത്രിയുടെ ഏകപക്ഷീയ നിലപാടുകളാണു സംസ്‌ഥാനത്തെ ഭരണപ്രതിസന്ധി ഇത്രയധികം രൂക്ഷമാക്കിയതെന്നാണു ഘടകകക്ഷി മന്ത്രിമാരുടെ അഭിപ്രായം. ഭരണപ്രതിസന്ധി ഗുരുതരാവസ്‌ഥയിലാക്കി ഐഎഎസ് ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കുമ്പോഴാണു കടുത്ത അതൃപ്തിയുമായി ഘടകകക്ഷി മന്ത്രിമാർ രംഗത്തുവരാൻ ഒരുങ്ങുന്നത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്‌ഥരുടെ സ്‌ഥലംമാറ്റങ്ങളിൽ ഇതുവരെ മുഖ്യമന്ത്രി സ്വീകരിച്ചുവന്ന നിലപാടുകളിലെ അതൃപ്തി അടുത്ത ദിവസങ്ങളിൽ ഘടകകക്ഷി മന്ത്രിമാർ, പിണറായി വിജയനെ നേരിട്ടു തന്നെ അറിയിക്കുമെന്നാണു സൂചന. സംസ്‌ഥാനത്തു ഭരണത്തിന്റെ വിവിധ തട്ടുകളിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഫയലുകൾ ചലിക്കാതിരിക്കുന്ന ഭരണ പ്രതിസന്ധിക്കു പ്രധാന കാരണം. മന്ത്രിമാരുടെ തീരുമാനങ്ങളുമായി യോജിച്ചുപോകാൻ കഴിയാത്ത ചില ഉദ്യോഗസ്‌ഥരെ വകുപ്പുകളിൽ കെട്ടിയേല്പിച്ചതാണെന്ന അഭിപ്രായവും ഘടകകക്ഷി മന്ത്രിമാർക്കുണ്ട്. മുഖ്യമന്ത്രിയിൽ സമ്മർദം ചെലുത്തി വകുപ്പു സെക്രട്ടറിമാരും ഡയറക്ടർമാരുമാകുന്ന ഉന്നത ഉദ്യോഗസ്ഥർ വകുപ്പു മന്ത്രിയുടെ അഭിപ്രായങ്ങൾക്കു വില കല്പിക്കാറില്ലെന്നും പലർക്കും പരാതിയുണ്ട്. വകുപ്പു മന്ത്രിയോട് തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും മുഖ്യമന്ത്രി പറയുന്നതു മാത്രം അനുസരിച്ചാൽ മതിയെന്നുമുള്ള നിലപാടും ചില ഉദ്യോഗസ്ഥർ കൈക്കൊള്ളുന്നു. ചില വകുപ്പുകളിലെ സുപ്രധാന തീരുമാനങ്ങളടങ്ങിയ ഫയലുകളിൽ ഒപ്പിടാതെ വകുപ്പു സെക്രട്ടറിമാരും മേധാവികളും മാറിനിൽക്കുന്നതിനു പിന്നിലും മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടെന്ന പരാതിയും ഘടകകക്ഷി മന്ത്രിമാർ പങ്കുവയ്ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു നിർദേശിക്കുന്നത് ഒഴികെയുള്ള ഫയലുകൾ സെക്രട്ടറിമാർ താമസിപ്പിക്കുന്ന സാഹചര്യവുമുണ്ട്. മന്ത്രിമാരുടെ നിർദേശങ്ങൾ വകവയ്ക്കാതെ മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾക്കു മാത്രം വില കൽപിച്ചാൽ മതിയെന്ന നിലയിൽ ചില ഐഎഎസ് ഉദ്യോഗസ്ഥർ പെരുമാറുന്നതായും പരാതിയുണ്ട്. മുകൾത്തട്ടിൽ മാത്രമല്ല, ഇടത്തട്ടിലും താഴേത്തട്ടിലും ഫയലുകൾ നീങ്ങാത്ത അവസ്ഥയുണ്ട്. മന്ത്രിമാർ നേരിട്ടു വിളിച്ചുചേർക്കുന്ന ചർച്ചകളിലും അവലോകന യോഗങ്ങളിലും ചില ഐഎഎസ് ഉദ്യോഗസ്ഥർ പങ്കെടുക്കാതിരുന്ന സാഹചര്യവുമുണ്ട്. മുഖ്യമന്ത്രിയോടു നേരിട്ടു പരാതിപ്പെട്ടിട്ടും ചിലരെ തൽസ്ഥാനങ്ങളിൽ നിന്നു മാറ്റിയിട്ടില്ലെന്ന പരാതി സിപിഎം മന്ത്രിമാർക്കുമുണ്ട്. ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന ചില തീരുമാനങ്ങൾ മന്ത്രിമാർ അറിയാതെ വകുപ്പു മേധാവികൾ ഉത്തരവുകളായും സർക്കുലറുകളായും പുറത്തിറക്കുന്നത് അടുത്തിടെയായി ചില വകുപ്പുകളിൽ വർധിച്ചിട്ടുണ്ടരതേ. ഇതു തിരുത്താൻ പലപ്പോഴും മന്ത്രിമാർക്ക് ഉദ്യോഗസ്ഥരോടു കടുത്ത ഭാഷയിൽ സംസാരിക്കേണ്ടി വരുന്നു