തളിപ്പറമ്പ്: കോൾമൊട്ടയിൽ സിപിഐ ഓഫീസ് അടിച്ചു തകർത്തു. പാർട്ടിയുടെ ആന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന കെ.വി.മൂസാൻകുട്ടി മാസ്റ്റർ സ്മാരക മന്ദിരത്തിനു നേർക്കാണു വെള്ളിയാഴ്ച രാത്രിയിൽ അക്രമം നടന്നത്. കെട്ടിടത്തിന്റെ എട്ടു ജനൽപ്പാളികളിലെ ചില്ലുകൾ മുഴുവൻ അടിച്ചുതകർത്ത അക്രമിസംഘം വാതിൽ മഴുകൊണ്ടു വെട്ടിപ്പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വാതിലിന്റെ സാക്ഷ വെട്ടുകൊണ്ട് പൊളിഞ്ഞിട്ടുണ്ട്.മന്ദിരത്തിനു മുന്നിലെ കൊടിമരം പൊളിച്ചുനീക്കാനും ശ്രമംനടന്നു. 2007ൽ സിപിഐ സംസ്‌ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പൻ ഉദ്ഘാടനം ചെയ്തതാണു സ്മാരകമന്ദിരം. മൂസാൻകുട്ടി മാസ്റ്ററുടെ തറവാടു വീടിനു മുന്നിൽ പറശിനിക്കടവ് റോഡിന് അഭിമുഖമായിട്ടാണു ബന്ധുക്കൾ വിട്ടുനൽകിയ സ്‌ഥലത്തു സ്മാരകമന്ദിരം നിർമിച്ചത്. കഴിഞ്ഞ 27നു സിപിഐ നടത്തിയ മൂസാൻകുട്ടി മാസ്റ്റർ അനുസ്മരണ പരിപാടിയിൽ വിറളി പൂണ്ടവരാണ് അക്രമത്തിനു പിന്നിലെന്നു പാർട്ടി നേതാക്കൾ ആരോപിച്ചു. മൂസാൻകുട്ടി മാസ്റ്ററുടെ ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സിപിഎമ്മിനെ പേരെടുത്തു പറയാതെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.