തിരുവനന്തപുരം: നോട്ട് റദ്ദാക്കലിനു ശേഷം 500രൂപ 1000 രൂപ നോട്ടുകൾ മാറി നൽകുന്നതിനിടയിൽ 8.78 ലക്ഷം രൂപയുടെ കള്ള നോട്ടുകൾ എസ്ബിടിയിൽ മാത്രമെത്തി. കള്ളനോട്ടുമായി ബന്ധപ്പെട്ട് അതതു ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകാൻ എസ്ബിടി ഉന്നതർ തീരുമാനമെടുത്തതായി അറിയുന്നു. എസ്ബിടിക്കൊപ്പം മറ്റു ബാങ്കുകളിലും പഴയനോട്ട് മാറിയതിനൊപ്പം കള്ളനോട്ടും മാറി നൽകിയതായി ബാങ്ക് അധികൃതർ പറയുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ വൻ തുകയുടെ കള്ളനോട്ടുകൾ ബാങ്കുകൾ മാറി നൽകിയിട്ടുണ്ടാകും. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച കണക്കുകൾ പുറത്തു വരുമെന്നാണ് അധികൃതർ പറയുന്നത്. ഡിസംബർ 23നും 24നും മാത്രമായി ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകൾ എസ്ബിടിയുടെ ശാഖകളിലെത്തിയതായാണു കണക്കുകൾ. നവംബർ പത്തു മുതൽ ഡിസംബർ 28 വരെയുള്ള തീയതികളിൽ ബാങ്കിലെത്തിയ കള്ളനോട്ടുകളാണ് 8.78 ലക്ഷം രൂപയുടേത്. ഇതു നിക്ഷേപിക്കാൻ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കും.അഞ്ചിൽ കൂടുതൽ കള്ളനോട്ടുകൾ ആരെങ്കിലും ബാങ്കിൽ കൊണ്ടുവന്നാൽ പോലീസിൽ വിവരം അറിയിക്കണമെന്നാണു ചട്ടം. എന്നാൽ, ഇവിടെ നാലിൽ കൂടുതൽ കള്ളനോട്ടുകൾ ആരെങ്കിലും ഒരു കൗണ്ടറിൽ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടില്ലെന്നാണു ബാങ്ക് അധികൃതർ പറയുന്നത്