വാഹന രജിസ്ട്രേഷൻ നിരക്കുകൾ പത്തിരട്ടിയോളമാണ് വർധിപ്പിച്ചിരിക്കുന്നത്. ലൈസൻസ് പുതുക്കാനുള്ള നിരക്ക് 50ൽനിന്ന് 200 രൂപയാക്കി ഉയർത്തിയപ്പോൾ ഡ്രൈവിംഗ് സ്കൂളുകളുടെ രജിസ്ട്രേഷൻ നിരക്ക് 2,500ൽ നിന്നു 10,000 രൂപയാക്കി. കഴിഞ്ഞ വർഷം പുതുക്കിയ മോട്ടോർ വെഹിക്കിൾ ഭേദഗതി നിയമത്തിന്റെ അടിസ്‌ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി. മോട്ടോർ വെഹിക്കിൾ രജിസ്ട്രേഷനും ലൈസൻസിനുമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ഫീസ് നിരക്ക് 2016 ഡിസംബർ 29 മുതൽ പ്രാബല്യത്തിലാക്കിയാണ് വിജ്‌ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. മോട്ടോർ വാഹന രജിസ്ട്രേഷനും ലൈസൻസ് അനുവദിക്കലും സംസ്‌ഥാനങ്ങളുടെ അധികാര പരിധിയിലുള്ളതായതിനാൽ സംസ്‌ഥാന സർക്കാരുകൾക്ക് ആവശ്യമായ ലെവിയും അധികമായ ഓട്ടോമേഷൻ ടെക്നോളജി നിരക്കുകളും കൂട്ടിച്ചേർക്കാമെന്നും വിജ്‌ഞാപനത്തിൽ വ്യവസ്‌ഥ ചെയ്യുന്നു. ലേണേഴ്സ് ലൈസൻസിനും അതു പുതുക്കുന്നതിനും കേരളത്തിൽ 30 രൂപ മാത്രം ഈടാക്കിയിരുന്നിടത്താണ് 150 രൂപ ഈടാക്കാൻ കേന്ദ്രസർക്കാർ നിർദേശിക്കുന്നത്. 50 രൂപ നിരക്കുണ്ടായിരുന്ന ലൈസൻസിനുള്ള ഫീസ് 200 രൂപയാക്കി. പുതുക്കുന്നതിനും 200 രൂപ. അന്താരാഷ്ട്ര ലൈസൻസ് പെർമിറ്റ് വേണമെങ്കിൽ 1000 രൂപ നൽകണം. അഡീഷണൽ ലൈസൻസ് വേണമെങ്കിൽ 500 രൂപയാണ് ഫീസ്. കാലാവധി കഴിഞ്ഞുള്ള ലൈസൻസാണെങ്കിൽ നിരക്ക് 300 രൂപയാകും. ഡ്രൈവിംഗ് സ്കൂളിനുള്ള ലൈസൻസിനു ഫീസ് 10,000 രൂപയാക്കിയപ്പോൾ ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് 5000 രൂപ നിരക്ക് ഏർപ്പെടുത്തി. ഇറക്കുമതി ചെയ്ത ബൈക്കുകളുടെയും കാറുകളുടെയും രജിസ്ട്രേഷൻ തുകയും വർധിപ്പിച്ചു. ബൈക്കിന്റേത് 200ൽ നിന്നും 2500ന് മുകളിലേക്കും 800 രൂപയായിരുന്ന കാറുകളുടെ തുക 5000 രൂപയ്ക്കു മുകളിലേക്കുമാണ് കൂട്ടിയത്. രജിസ്ട്രേഷൻ പുതുക്കുന്നതിനു മോട്ടോർ സൈക്കിളിനു 50 രൂപ, മുച്ചക്ര വാഹനം അടക്കമുള്ള ഭാരം കുറഞ്ഞ വാഹനങ്ങൾക്ക് 300 രൂപ, ഇടത്തരം വാഹനങ്ങൾക്ക് 1000 രൂപ, ബസുകൾ, ചരക്കുലോറികൾ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് 1500 രൂപ എന്നിങ്ങനെയാണു ഫീസ്