പൂർണമായും ആധാർ അടിസ്‌ഥാനമാക്കി, ബയോമെട്രിക് ഉപയോഗിച്ചുള്ള പേമെന്റ് രീതികളാണ് ഇനി വരുന്നത്. ഇതിനായുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഇതിനു മുന്നോടിയായാണ് ആധാർ നമ്പർ അടിസ്‌ഥാനമാക്കിയുള്ള ധൻ ആധാർ കാർഡും ഭീം ആപ്പും തയാറാക്കിയിരിക്കുന്നത്. ബയോമെട്രിക് പേമെന്റ് നടത്തുന്നതിനായി ആധാർ കാർഡ് ബാങ്കുമായി ബന്ധിപ്പിക്കുക എന്ന കാര്യം മാത്രമേ ഉപഭോക്‌താവ് ചെയ്യേണ്ടതുള്ളു. ഇടപാടുകൾ നടത്തുമ്പോഴുള്ള സർവീസ് ചാർജും ഭീം ആപ് വഴി ഉണ്ടാകുകയില്ലെന്നാണ് സർക്കാർ പറയുന്നത്. കച്ചവടക്കാർ ഭീം ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യുക. സ്വന്തം ആധാർ വിവരങ്ങൾ നൽകി ആപ്പിൽ രജിസ്റ്റർ ചെയ്ത ശേഷം മൊബൈലുമായി ഒരു ഫിംഗർപ്രിന്റ് റീഡർ ഘടിപ്പിക്കണം. വിവിധ വിലകളിലുള്ള ഫിംഗർ പ്രിന്റ് റീഡറുകൾ വിപണിയിൽ ലഭ്യമാണ്. ബാങ്കുമായി ആധാർ കാർഡ്–ബന്ധിപ്പിച്ച ആർക്കും ഈ സേവനം ഉപയോഗപ്പെടുത്താം. ബാങ്കിന്റെ പേരും ആധാർനമ്പറും നൽകി പാസ്വേഡായി സ്കാനറിൽ വിരൽ അടയാളം കൂടി പതിപ്പിച്ചാൽ ഉപഭോക്‌താവ് ആഗ്രഹിക്കുന്ന അക്കൗണ്ടിലേക്ക് തുക കൈമാറാൻ പുതിയ സാങ്കേതിക വിദ്യയിലൂടെ കഴിയുംഎന്നാൽ ചില കെണി ഒളിഞ്ഞിരിപ്പുണ്ട്. ഫോൺ ഉപയോഗിക്കാനുള്ള അറിവുണ്ടായിരിക്കണം. ഫിംഗർപ്രിന്റ് റീഡർ ഉപയോഗിച്ച് പണം നൽകണമെങ്കിൽ ഉപയോക്‌താവ് നേരിട്ട് എത്തണം.സാങ്കേതികവിദ്യയ്ക്കൊപ്പം നമ്മളും വളരേണ്ടത് ആവശ്യമാണ്. പക്ഷെ സാധാരണക്കാരുടെ പ്രശ്നം എന്നും സർവീസ് ചാർജും സുരക്ഷാ ഭീഷണിയുമാണ്. ഇതിനെല്ലാം ഒരു ശാശ്വത പരിഹാരം വേണം . ആധാർ അടിസ്‌ഥാനമാക്കി, ബയോമെട്രിക് ഉപയോഗിച്ചുള്ള പേമെന്റ് രീതിയിൽ യൂസർനെയിമായി ആധാർ നമ്പറും പാസ്വേഡായി ഫിംഗർ പ്രിന്റുമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ആരെങ്കിലും പാസ്വേഡ് മോഷ്‌ടിക്കുമെന്ന് പേടിവേണ്ട.