എഡിജിപിശ്രീലേഖയ്ക്കെതിരായ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി

തിരുവനന്തപുരം: എഡിജിപി ആർ. ശ്രീലേഖയ്ക്കെതിരായ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി നാളെ റിപ്പോർട്ട് സമർപ്പിക്കണമെന്നു വിജിലൻസ് കോടതി ഉത്തരവിട്ടു. ശ്രീലേഖയ്ക്കെതിരേ കോടതിയിൽ ഹർജി സമർപ്പിച്ച പായ്ച്ചിറ നവാസിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുളള സാവകാശം കോടതി വെട്ടിക്കുറച്ചത്. ഫെബ്രുവരി 17നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണു കോടതി നേരത്തെ നിർദേശിച്ചിരുന്നത്. കോടതി നിർദേശത്തെ തുടർന്ന് വ്യാഴാഴ്ച തന്നെ വിജിലൻസ് എസ്പി ആർ. സുകേശൻ ഹർജിക്കാരന്റെ മൊഴി രേഖപ്പെടുത്തി. ഗതാഗത കമ്മീഷണറായിരിക്കെ ആർ. ശ്രീലേഖ കോടികളുടെ ക്രമക്കേടും നിയമന അഴിമതികളും നടത്തിയെന്ന പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നത്. ആരോപണം സംബന്ധിച്ച് മുൻ എഡിജിപി ടോമിൻ ജെ. തച്ചങ്കരി നടത്തിയ അന്വേഷണത്തിൽ വ്യാപകമായ ക്രമക്കേടുകളും നിയമലംഘനങ്ങളും ആർ. ശ്രീലേഖ നടത്തിയതായി കണ്ടെത്തിയിരുന്നു. ആരോപണങ്ങൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണം ശിപാർശ ചെയ്ത് അന്നത്തെ ഗതാഗത സെക്രട്ടറിക്കു തച്ചങ്കരി റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് സെക്രട്ടറിതലത്തിൽ നടത്തിയ അന്വേഷണത്തിൽ തച്ചങ്കരിയുടെ കണ്ടെത്തൽ ശരിവച്ചു.