നെയ്യാറ്റിന്‍കര: ദേശീയപാതയില്‍ പത്താംകല്ലിനു സമീപം ഗതാഗത തടസം സൃഷ്ടിച്ച് ദിവസങ്ങളായി കേടായി കിടക്കുന്ന ടിപ്പര്‍ ലോറി അപകടഭീഷണിയാകുന്നു. നൂറു കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയില്‍ പത്താംകല്ലില് നെയ്യാറ്റിന്‍കര ബിഷപ് ഹൗസിനു മുന്നിലാണ് ടിപ്പര്‍ ലോറി കിടക്കുന്നത്. കേടായതു കാരണം ഇത്തരത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതെന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്ന് പരിസരവാസികള്‍ പറയുന്നു. ലോറിയുടെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്. നെയ്യാറ്റിന്‍കരയില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഈ ടിപ്പര്‍ ലോറിയുടെ സാന്നിധ്യം ഏറെ അപകടസാധ്യതയുണ്ടാക്കുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. വാഹനം റോഡിലുണ്ടെന്നതിന്റെ യാതൊരു അടയാളവും ഇവിടെയില്ല. ലോറി അനങ്ങാപ്പാറയായി കിടക്കുന്ന വിവരം പോലീസിനെ അറിയിച്ചിട്ടും പ്രയോജനമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.