പ്ലാസ്റ്റിക്നോട്ട്:കേന്ദ്രസർക്കാർ മൗനംപാലിക്കുന്നു ഉമ്മൻചാണ്ടി

തിരുവനന്തപുരം: ബ്രിട്ടീഷ് കമ്പനിയുമായി ചേർന്ന് പ്ലാസ്റ്റിക് നോട്ട് അച്ചടിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെക്കുറിച്ച് താൻ ഉന്നയിച്ച ആരോപണങ്ങളോട് മോദി സർക്കാർ മൗനം പാലിക്കുകയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഈ മൗനം കാണുമ്പോൾ കേന്ദ്ര സർക്കാർ എന്തോ ഒളിച്ചുവയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നു സംശയിക്കുന്നതായും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ബ്രിട്ടീഷ് കമ്പനിയായ ഡി ലാ റ്യുവിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ വ്യാപിപ്പിക്കാനും അവരുമായി ചേർന്ന് പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കുന്നതിന് നടപടി സ്വീകരിക്കാനും ബിജെപി സർക്കാർ നടത്തിയ ശ്രമങ്ങൾ അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിയോട് കത്തു മുഖേന അഭ്യർഥിച്ചിട്ടുണ്ട്. ഈ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുള്ളതാണെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് നവംബർ 7, 8, 9 തീയതികളിൽ ന്യൂഡൽഹിയിൽ ഇന്ത്യ–യുകെ ഉന്നതതല സമ്മേളനം നടന്നിരുന്നു. സിഐഐയും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയവും സംയുക്‌തമായി സംഘടിപ്പിച്ച ഈ സമ്മേളനം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കരിമ്പട്ടികയിൽ പെടുത്തിയ ഡി ലാ റ്യു ആയിരുന്നു പരിപാടിയുടെ പ്ലാറ്റിനം സ്പോൺസർമാർ. ഇത്തരത്തിൽ കരിമ്പട്ടികയിൽ ഉള്ള കമ്പനി എങ്ങനെയാണ് ഇന്ത്യയും യുകെയും തമ്മിൽ നടന്ന ഉന്നതതല സമ്മേളനത്തിന്റെ പ്ലാറ്റിനം സ്പോൺസർമാരായത് എന്നത് കേന്ദ്രം വ്യക്‌തമാക്കണമെന്നു പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടതായി ഉമ്മൻ ചാണ്ടി അറിയിച്ചു. ഇന്ത്യ–യുകെ ഉന്നതതല സമ്മേളനത്തിന്റെ പ്ലാറ്റിനം സ്പോൺസർമാർ ഡി ലാ റ്യു ആയിരുന്നെന്ന് തെളിയിക്കുന്ന, ആ കമ്പനിയുടെ വെബ്പേജ് കഴിഞ്ഞദിവസം പൊടുന്നനെ അപ്രത്യക്ഷമായി. ഇക്കാര്യത്തിൽ കൂടുതൽ വ്യക്‌തത വരുത്താൻ കേന്ദ്ര സർക്കാർ തയാറാകണം . ഡി ലാ റ്യു ന്യൂഡൽഹി ഓഫീസ് തുറന്നതായും കേന്ദ്ര സർക്കാരു മായി ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ പങ്കാളികളാണെന്നും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സിഇഒ മാർട്ടിൻ സുതർലാൻഡ് പറയുന്നുണ്ട്. ഈ പ്രസ്താവന കേന്ദ്ര സർക്കാർ ഇതുവരെ നിഷേധിച്ചിട്ടില്ല. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു പോലെ കരിമ്പട്ടികയിൽപെട്ട കമ്പനിക്ക് എങ്ങനെയാണ് ഇന്ത്യയിൽ ഓഫീസ് തുറക്കാനും കേന്ദ്ര വാണിജ്യ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കാനും കഴിയുന്നതന്നും ഉമ്മൻ ചാണ്ടി കത്തിൽ ചോദിക്കുന്നു. ഈ കമ്പനിയുടെ 2013, 2014, 2015 വർഷങ്ങളിലെ വാർഷിക റിപ്പോർട്ടുകളിൽ കമ്പനി സജീവമായവ്യാപാരം ഇന്ത്യയിൽ ഇല്ലെന്നു പറയുന്നുണ്ട്. എന്നാൽ, 2016 ലെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യയിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ സജീവമാണെന്നും എടുത്തു പറയുന്നു. 2016 ഏപ്രിൽ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ ഡി ലാ റ്യുവിന്റെ ഓഹരി മൂല്യം 33 ശതമാനം ഉയർന്നതും അത്ഭുതപ്പെടുത്തുന്നതാണ്. ഇന്ത്യയിൽ വ്യാപാരം നടത്തുന്നില്ലെങ്കിൽ ഡി ലാ റ്യുവിന്റെ ഓഹരി മൂല്യത്തിൽ എങ്ങനെയാണ് കുത്തനെ വളർച്ചയുണ്ടായത്.കരാർ പ്രകാരമുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ പരാജപ്പെട്ടതിനാൽ ഡി ലാ റ്യുവിന് സുരക്ഷാ അനുമതി നല്കിയിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി നമോ നാരായൺ മീന 2011ൽ രാജ്യസഭയിൽ വ്യക്‌തമാക്കിയിരുന്നു. ഡി ലാ റ്യുവിന് ഉണ്ടായിരുന്ന വിലക്ക് നീക്കിയോ എന്ന് ഉത്തരവാദപ്പെട്ട മന്ത്രാലയം വ്യക്‌തമാക്കണം. കേന്ദ്ര സർക്കാരും ആരോപണ വിധേയമായ ഡി ലാ റ്യു കമ്പനിയുമായി ഏതെങ്കിലും സമ്പത്തിക വിധത്തിലുള്ള സഹകരണം ഉണ്ടോ എന്ന് വ്യക്‌തത വരുത്തേണ്ടതാണ്.പ്ലാസ്റ്റിക് കറൻസി നോട്ടുകൾ അച്ചടിക്കാൻ ഇന്ത്യ ആരംഭിച്ചതായി ധനകാര്യ സഹമന്ത്രി 2016 ഡിസംബർ ഒൻപതിന് പാർലമെന്റിൽ പറഞ്ഞതായി ദേശീയ ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ള കമ്പനികളുടെ മൂന്നംഗ ചുരുക്കപ്പട്ടികയിൽ ഡി ലാ റ്യുവും ഉണ്ടെന്ന് ആ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇത് ശരിയാണോ എന്ന് വ്യക്‌തമാക്കണം. പ്ലാസ്റ്റിക് കറൻസി നോട്ടുകൾ അച്ചടിക്കുന്നതിനുള്ള കമ്പനികളുടെ പട്ടികയിൽ ഡി ലാ റ്യൂ ഉൾപെടാനുള്ള സാഹചര്യം എന്താണ്? ഈ കാര്യത്തിൽ വ്യക്‌തത വരുത്താൻ കേന്ദ്ര ഗവണ്മെന്റ് തയാറാകണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.