ന്യൂഡൽഹി: ജനസംഖ്യയിൽ രാജ്യത്തെ ഏറ്റവും വലിയ സംസ്‌ഥാനവും രാഷ്ട്രീയ പരീക്ഷണ ശാലയുമായ ഉത്തർപ്രദേശിൽ ഫെബ്രുവരി 11 മുതൽ മാർച്ച് എട്ടു വരെ ഏഴു ഘട്ടമായി നിയമസഭാ തെരഞ്ഞെടുപ്പ്. പഞ്ചാബിലും ഗോവയിലും ഫെബ്രുവരി നാലിനാണു വോട്ടെടുപ്പ്. ഉത്തരാഖണ്ഡിൽ ഫെബ്രുവരി 15നും മണിപ്പൂരിൽ മാർച്ച് നാലിനും എട്ടിനുമാണ് പോളിംഗ്. അഞ്ചു സംസ്‌ഥാനങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും മാർച്ച് 11ന് . ഈ സംസ്‌ഥാനങ്ങളിൽ തെരഞ്ഞെുപ്പു പെരുമാറ്റച്ചട്ടം ഇന്നലെ നിലവിൽ വന്നതായും കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ നസീം സെയ്ദി അറിയിച്ചു. മുഴുവൻ വോട്ടർമാരുടെയും ഫോട്ടോ പതിച്ച പട്ടിക ജനുവരി 12നു മുമ്പു പുറത്തിറക്കും. അഞ്ചു സംസ്‌ഥാനങ്ങളിലായി 16 കോടി വോട്ടർമാർ ഉണ്ട്. മൊത്തം 693 മണ്ഡലങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന് 1,85,000 പോളിംഗ് ബൂത്തുകളാണു കമ്മീഷൻ സജ്‌ജീകരിക്കുന്നത്. പോളിംഗ് തീയതികൾ: ഉത്തർപ്രദേശ് (403 സീറ്റ്). പോളിംഗ് തീയതികൾ ഫെബ്രുവരി 11, 15, 19, 23, 27, മാർച്ച് നാല്, എട്ട്. പഞ്ചാബ് (117 സീറ്റ്) ഫെബ്രുവരി നാല്. ഗോവ (40 സീറ്റ്): ഫെബ്രുവരി നാല്. ഉത്തരാഖണ്ഡ്– (70 സീറ്റ്): ഫെബ്രുവരി 15. മണിപ്പൂർ– (40 സീറ്റ്) ഫെബ്രുവരി നാല്, എട്ട്. പഞ്ചാബിലും ഗോവയിലും ഒരേ ദിവസം വോട്ടെടുപ്പു നടത്തുന്നതിനെ ഇരു സംസ്‌ഥാനങ്ങളിലും പ്രതീക്ഷയുള്ള ആം ആദ്മി പാർട്ടി വിമർശിച്ചു. എന്നാൽ, ഒരു രാഷ്ട്രീയ പാർട്ടിയുടെയും സൗകര്യം നോക്കിയല്ല തീയതികൾ കമ്മീഷൻ പ്രഖ്യാപിച്ചതെന്നു നസീം സെയ്ദി അറിയിച്ചു. നോട്ട് റദ്ദാക്കലിനെത്തുടർന്നുള്ള സാഹചര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നുണ്ട്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനെക്കുറിച്ചു പ്രതിപക്ഷ പാർട്ടികൾ പരാതി നൽകിയിട്ടുണ്ട് പൊതുബജറ്റ് തെരഞ്ഞെടുപ്പു കഴിഞ്ഞു മതിയെന്നാണു പ്രതിപക്ഷം പറയുന്നത്. ബജറ്റ് മാറ്റേണ്ട കാര്യമില്ലെന്നു ധനമന്ത്രിയും പറഞ്ഞു. യുപിയിൽ സമാജ്വാദി പാർട്ടിയിലെ പിളർപ്പിനെത്തുടർന്നു പാർട്ടി ചിഹ്നമായി സൈക്കിളിനു വേണ്ടി മുലായം സിംഗ്, അഖിലേഷ് സിംഗ് പക്ഷങ്ങൾ അവകാശവാദവും ഉന്നയിച്ചിട്ടുമുണ്ട്. ഇവ രണ്ടും പരിശോധിച്ചു വൈകാതെ തീരുമാനിക്കും. നോട്ട് റദ്ദാക്കലിനുശേഷം നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പുകൾ എന്നതിനാൽ ജനവിധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികൾക്കും വളരെ പ്രധാനമാണ്. ഗോവയിലും പഞ്ചാബിലും ഇപ്പോൾ അധികാരത്തിലും യുപിയിലെ 80ൽ 72 ലോക്സഭാ സീറ്റുകളും നേടുകയും ചെയ്ത ബിജെപിക്കും സുപ്രീം കോടതി ഉത്തരവോടെ അധികാരം തിരിച്ചു പിടിച്ച ഉത്തരാഖണ്ഡിലും അധികാരത്തിലിരിക്കുന്ന മണിപ്പൂരിലും തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന പഞ്ചാബ്, ഗോവ സംസ്‌ഥാനങ്ങളിൽ കോൺഗ്രസിനും ഈ ജനവിധി നിർണായകമാണ്. ആഭ്യന്തര പ്രശ്നങ്ങൾക്കും പിളർപ്പിനുമിടയിലും യുപിയിലെ ഏറ്റവും വലിയ പാർട്ടികളായിരുന്ന സമാജ്വാദി, ബിഎസ്പി പാർട്ടികൾക്കും നിലനിൽപ്പിന്റെ പോരാട്ടമാണ്. ഡൽഹിക്കു പുറമേ പഞ്ചാബിലും ഗോവയിലും ഭരണം പിടിക്കാനായി ശക്‌തമായി രംഗത്തിറങ്ങിയ ആം ആദ്മി പാർട്ടിയുടെ ഭാവി നിർണയിക്കുന്നതും ഇത്തവണയാകും. പ്രതിപക്ഷ വോട്ടുകളിലെ ഭിന്നതയും മോദിയുടെ പ്രതിച്ഛായയും ഭൂരിപക്ഷ വോട്ടുകളുടെ ധ്രൂവീകരണവും മുതലാക്കാനാണു ബിജെപി ശ്രമം.