തിരുവനന്തപുരം: പ്രവർത്തനം സജീവമല്ലെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ ഇന്നു യുഡിഎഫ് യോഗം ചേരുമ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുന്നണിയുടെ മുൻനിരയിലേക്ക് എത്തണമെന്ന ആവശ്യം ഘടകകക്ഷികൾ ഉയർത്തും. ഇപ്പോഴത്തെ നിലയിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ഘടകകക്ഷികൾ. കോൺഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങൾ മുന്നണിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു എന്ന ശക്‌തമായ അഭിപ്രായം ഘടകകക്ഷികൾക്കിടയിലുണ്ട്. എന്നാൽ, കോൺഗ്രസിന്റെ ആഭ്യന്തരപ്രശ്നം എന്ന നിലയിൽ അക്കാര്യത്തിൽ ഘടകകക്ഷികൾ അഭിപ്രായം പറയില്ല. അതേസമയം കോൺഗ്രസിലെ പ്രശ്നങ്ങൾ യുഡിഎഫിന്റെ പ്രവർത്തനത്തിനു തടസമാകാൻ പാടില്ലെന്ന നിലപാട് അവർ സ്വീകരിക്കും. ഉമ്മൻ ചാണ്ടി നേതൃസ്‌ഥാനത്ത് ഇല്ലാതെ യുഡിഎഫിന്റെ പ്രവർത്തനം സജീവമാക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ. ഇവർ തമ്മിൽ യുഡിഎഫ് യോഗത്തിനു മുന്നോടിയായി ആശയവിനിമയം നടത്തിയിട്ടുണ്ട്. യുഡിഎഫ് യോഗത്തിൽ യോജിച്ച നിലപാട് കൈക്കൊള്ളുവാനാണ് ഘടകകക്ഷികൾ തീരുമാനിച്ചിട്ടുള്ളത്. പ്രതിപക്ഷം പ്രവർത്തനത്തിൽ പരാജയപ്പെട്ടു എന്ന കെ. മുരളീധരന്റെ പ്രസ്താവന വിവാദമായതോടെയാണ് യുഡിഎഫ് യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചത്. നോട്ട് നിരോധനം, റേഷൻ പ്രതിസന്ധി, പോലീസ് അതിക്രമങ്ങൾ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടും ജനകീയ പ്രക്ഷോഭം വളർത്തിക്കൊണ്ടു വരുന്നതിൽ യുഡിഎഫും കോൺഗ്രസും പരാജയപ്പെട്ടു എന്ന ആക്ഷേപം കോൺഗ്രസിലും യുഡിഎഫിലുമുണ്ട്. മാത്രമല്ല, കോൺഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളിൽ യുഡിഎഫ് ഘടകകക്ഷികൾ അസ്വസ്‌ഥരുമാണ്. മുസ്്ലിംലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കൾ ഈ അസ്വസ്‌ഥത പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഉമ്മൻ ചാണ്ടി ഇടഞ്ഞു നിൽക്കുകയാണെങ്കിലും ഇന്നത്തെ യുഡിഎഫ് യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹം ഇനിയും സമ്മതം അറിയിച്ചിട്ടില്ല. ഇതു കോൺഗ്രസിൽ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയെ അനുനയിപ്പിച്ച് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചുചേർക്കാനുള്ള ശ്രമങ്ങൾ അനൗപചാരിക തലത്തിൽ നടക്കുന്നുണ്ട്. ഇന്നും അതിനുള്ള ശ്രമങ്ങൾ നടന്നേക്കാം. യുഡിഎഫ് ചെയർമാനായി ഉമ്മൻ ചാണ്ടി വരണമെന്ന് നേരത്തേ ഘടകകക്ഷികൾ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ അന്ന് അദ്ദേഹം അതിനു തയാറായില്ല. അങ്ങനെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് ചെയർമാൻ സ്‌ഥാനവും ഏറ്റെടുത്തത്.