കോഴിക്കോട്: പെട്രോളിയം ഉത്പന്നങ്ങൾക്കു പിന്നാലെ അരിവിലയും കുതിച്ചുകയറിയതോടെ സാധാരണക്കാരുടെ ദുരിതം ഇരട്ടിയായി. നവംബർ 28നുശേഷം തുടങ്ങിയ അരിവിലയിലെ ക്രമാനുഗതമായ വർധന ഇപ്പോൾ അതിന്റെ പാരമ്യത്തിൽ എത്തിയതോടെ നോട്ടു പ്രതിസന്ധിക്കിടെ മറ്റൊരു ഇരുട്ടടിയായി അതുമാറി.സംസ്‌ഥാനത്ത് ഏറ്റവും അധികം ആവശ്യക്കാരുള്ള ആന്ധ്ര ജയ അരിക്കു 31 രൂപയുണ്ടായിരുന്നത് ഇപ്പോൾ 37 രൂപയായി. ഇത് ചില്ലറവില്പന ശാലകളിൽ എത്തുമ്പോൾ 43 രൂപയാകും. കുറുവയ്ക്ക് 28 രൂപയുണ്ടായിരുന്നത് 33ൽ എത്തി. ചില്ലറ വില്പന ശാലകളിൽഎത്തുമ്പോൾ പത്തൂരുപ അധികം വരും. 32 രൂപയായിരുന്ന മട്ട അരിക്കു 40 രൂപയാണിപ്പോൾ ചില്ലറവില. സപ്ലൈകോയിൽ കുറുവ അരി സബ്സിഡിനിരക്കിൽ 25 രൂപയും സബ്സിഡി ഇല്ലാതെ 33.50 യും ആണ്.പൊന്നി അരിക്ക് 29 മുതൽ 34 രൂപ വരെയാണു വില. കർണാടക, തമിഴ്നാട് സംസ്‌ഥാനങ്ങളിൽ കടുത്ത വേനലിൽ നെല്ലുൽപാദനം കുറഞ്ഞതോടെ കേരളത്തിലേക്ക് അരിയെത്തുന്നതു കുറഞ്ഞതാണ് അരിവില കുതിക്കാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. ആന്ധ്രയിലും ഇക്കുറി നെല്ലുത്പാദനം കുറഞ്ഞു. 75 കിലോഗ്രാമിന് 1000 രൂപയുണ്ടായിരുന്ന നെല്ലിന് ഇക്കുറി 1550 രൂപ വരെയായി ഉയർന്നതായും വ്യാപാരികൾ പറയുന്നു. എന്നാൽ തമിഴ്നാട്ടിലെയും കർണാടകയിലെയും വരൾച്ച മുതലെടുത്ത് അരിവില വർധിപ്പിക്കുകയാണു മില്ലുടമകളെന്ന ആക്ഷേപമാണ് ഉയരുന്നത്.