മോദിയുടെ പ്രഖ്യാപനം വഞ്ചന: കോടിയേരി

തിരുവനന്തപുരം: വൻപ്രതീക്ഷ നൽകിയ ശേഷം പുതുവർഷത്തലേന്നു പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം രാജ്യത്തെ നിരാശപ്പെടുത്തുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്തുവെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നോട്ട് ദുരന്തത്തിന് പരിഹാരം കാണാത്ത തട്ടിപ്പ് പ്രഖ്യാപനമാണു മോദിയുടേതെന്നും മോദിയുടെ ചില്ലറ മേമ്പൊടി ആനുകൂല്യങ്ങൾകൊണ്ടു മറച്ചുവയ്ക്കാൻ കഴിയുന്നതല്ല നോട്ട് അസാധുവാക്കലിനെ തുടർന്നു രാജ്യം നേരിടുന്ന വൻ പ്രതിസന്ധിയെന്നും കോടിയേരി പറഞ്ഞു. 1000 രൂപ, 500 രൂപ നോട്ട് പൊടുന്നനെ അസാധുവാക്കിയതുകൊണ്ട് എന്തു ഗുണമുണ്ടായി എന്നു വ്യക്‌തമാക്കുന്നതിൽ മോദി പരാജയപ്പെട്ടു. ജനങ്ങൾ വിവരണാതീതമായ കഷ്‌ടപ്പാട് സഹിക്കുകയും സംസ്‌ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിത്തിലേക്കു തള്ളിയിടുകയും ചെയ്ത സാമ്പത്തിക അടിയന്തരാവസ്‌ഥ ഹിമാലയൻ വിഡ്ഢിത്തമാണെന്ന് തുറന്നു പറയാനുള്ള സത്യസന്ധതയെങ്കിലും മോദി കാണിക്കണമായിരുന്നു. വലിയ നോട്ടുകളിൽ തീവ്രവാദവും പാക്കിസ്‌ഥാൻ ഏജന്റുമാരും അധോലോകവും ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ എന്തുകൊണ്ട് ഈ നോട്ടുകൾക്കു പകരം 2000 രൂപ നോട്ട് അച്ചടിച്ച് ഇറക്കിയെന്നു മോദി വ്യക്‌തമാക്കണം. അസാധുവാക്കപ്പെട്ട നോട്ടുകളിൽ എത്രയെണ്ണം ബാങ്കുകളിലേക്കു തിരിച്ചെത്തിയെന്നു പ്രധാനമന്ത്രി പറയാതിരുന്നത് ലക്ഷ്യം പാളിയതുകൊണ്ടാണ്. ദരിദ്ര വിഭാഗക്കാരായ ഗർഭിണികൾക്ക് 6000 രൂപ വാഗ്ദാനം ചെയ്യുന്ന പദ്ധതി യുപിഎ സർക്കാരിന്റെ കാലത്ത് 53 ജില്ലകളിൽ നടപ്പാക്കിയതാണ്. പാവപ്പെട്ടവർക്കുള്ള ഭവന വായ്പയിലെ പലിശയിളവ് നേരത്തെതന്നെ ഉള്ളതാണ്. ബാങ്കിംഗ് മേഖലയിൽ ജനവിരുദ്ധമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്നാണ് നാട് പൊതുവിൽ ആവശ്യപ്പെടുന്നത്. നിക്ഷേപിച്ച തുകയും ശമ്പളവും മാറുന്നതിന് ഇനിയും അമാന്തം കാണിക്കുന്നതു ജനങ്ങളുടെ ക്ഷമയെ വെല്ലുവിളിക്കുന്നതാണ്. സംസ്‌ഥാനത്തിനുണ്ടായ സാമ്പത്തിക നഷ്ടത്തിനും വ്യക്‌തികൾക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനും പരിഹാരം കാണാൻ ഉള്ള നടപടിയാണ് ഗവൺമെന്റ് സ്വീകരിക്കേണ്ടത്.ബാങ്കിൽ നിക്ഷേപിച്ച പണം ആവശ്യാനുസരണം തിരിച്ചുകിട്ടുന്നതിന് ഏർപ്പെടുത്തിയ എല്ലാ നിബന്ധനകളും എടുത്തുകളയണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ശിവഗിരി: അക്രമങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ പ്രസ്‌ഥാനങ്ങൾ തുറന്ന ചർച്ചയ്ക്കു തയാറാകണമെന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശിവഗിരി തീർഥാടനത്തോട് അനുബന്ധിച്ചു നടന്ന സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പരമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രമം തുടങ്ങണം. ഇതിനായി ഉഭയകക്ഷി ചർച്ചകൾ നടത്തണം. രാഷ്ട്രീയ ആശയങ്ങൾ പ്രചരിപ്പിക്കാനും സംഘടനാ പ്രവർത്തനം നടത്താനും എല്ലാവർക്കും അവകാശമുണ്ട്. ഇവ പരസ്പരം അംഗീകരിച്ചു പ്രവർത്തിച്ചാൽ അക്രമം അവസാനിപ്പിക്കാൻ കഴിയും. അക്രമം വഴി ഒരു സംഘടനയേയും ആശയത്തേയും ഇല്ലാതാക്കാൻ കഴിയില്ല. ജനാധിപത്യപരമായ സംവാദങ്ങളിലൂടെ മാത്രമേ ശരിയായ രാഷ്ട്രീയം കെട്ടിപ്പടുക്കാനാകൂ. അക്രമത്തിന്റെ പാത ആരും സ്വീകരിക്കരുത്. ഇവിടെയാണു സംഘടനാ നേതൃത്വത്തിന്റെ പക്വമായ ഇടപെടൽ ആവശ്യമായി വരുന്നത്. തങ്ങളുടെ കൂട്ടത്തിൽ ഒരാൾ ആക്രമിക്കപ്പെട്ടാൽ ശരിയായ കുറ്റവാളിയെ കണ്ടെത്താൻ ശ്രമിക്കാതെ രാഷ്ട്രീയ എതിരാളികളുടെ ശിരസിൽ കുറ്റം കെട്ടിവയ്ക്കുക, ഇതിനായി അന്വേഷണ ഏജൻസികളെ സ്വാധീനിക്കുക, കള്ളസാക്ഷികളെ സൃഷ്‌ടിക്കുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തരുതെന്നും കോടിയേരി പറഞ്ഞു. മനുഷ്യനാണു വലുതെന്ന ശ്രീനാരായണഗുരുവിന്റെ ആശയം ഉൾക്കൊണ്ടാൽ അക്രമരഹിതമായ സംഘടനാ പ്രവർത്തനം സാധ്യമാകും. ഒരു മതവും സംഘർഷത്തിന് ആഹ്വാനം നൽകുന്നില്ല. സമാധാനവും സ്നേഹവും സമഭാവനയുമാണ് മതങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കോടിയേരി പറഞ്ഞു