നോട്ട് പരിഷ്കരണം പൂർണ പരാജയമെന്നു മോദി സമ്മതിച്ചെന്നു രമേശ് ചെന്നിത്തല തിരുവനന്തപുരം: ജനജീവിതത്തെ പൂർണ സ്തംഭനത്തിലാക്കിയ നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഒരു നിർദേശവും രാഷ്ട്രം കാത്തിരുന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിലില്ലെന്നും നോട്ട് പരിഷ്കാരം പൂർണ പരാജയമാണെന്നു തുറന്നുസമ്മതിക്കുകയാണു പ്രസംഗത്തിൽ നരേന്ദ്ര മോദി ചെയ്തതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോട്ട് ക്ഷാമം എന്നത്തേക്ക് അവസാനിക്കുമെന്നു പറയാൻ പ്രധാനമന്ത്രിക്കു കഴിഞ്ഞിട്ടില്ല. പിൻവലിച്ചതിനു പകരമുള്ള നോട്ടുകൾ എപ്പോൾ എത്തിക്കാൻ കഴിയുമെന്ന കാര്യത്തിലും പ്രധാനമന്ത്രി മൗനം പാലിച്ചു. ബജറ്റിൽ പ്രഖ്യാപിക്കാൻ വച്ചിരുന്ന പൊള്ളയായ ക്ഷേമ പരിപാടികൾ മുൻകൂട്ടി പ്രഖ്യാപിക്കുക മാത്രമാണു പ്രധാനമന്ത്രി ചെയ്തത്. ഇതുകൊണ്ടൊന്നും രൂക്ഷമായ പ്രതിസന്ധിയിൽ നിന്നു രാജ്യത്തെ കരകയറ്റാനാകില്ല.650 ജില്ലകളിലെ ഗർഭിണികൾക്ക് 6,000 രൂപ നൽകുന്നതു നല്ല കാര്യമാണ്. പക്ഷേ, അതുകൊണ്ട് എടിഎമ്മിൽ ക്യൂ നിൽക്കുന്നവർക്കു പണം കിട്ടുമോ? ഭവനവായ്പയ്ക്കു ചെറിയ പലിശ ഇളവ് നൽകിയതുകൊണ്ടു മാത്രം ഇന്ത്യയുടെ തകർന്ന സമ്പദ്വ്യവസ്ഥ പുനരുദ്ധരിക്കപ്പെടില്ല. ഉത്പാദനത്തിന്റെ നട്ടെല്ലായ അസംഘടിത മേഖല മോദിയുടെ അവിവേകം കാരണം തകർന്നു. ഡിസംബർ 30നു ശേഷം എല്ലാം ശരിയായില്ലെങ്കിൽ തന്നെ തൂക്കിലേറ്റൂ എന്നാണു മോദി പ്രഖ്യാപിച്ചത്. ഇപ്പോൾ അതിനെക്കുറിച്ചു മാത്രം ഒന്നും മിണ്ടുന്നില്ല. എന്താ മോദിക്കു മറവിരോഗം ബാധിച്ചോ? തന്റെ പിടിപ്പുകേടും മണ്ടത്തരവും മറച്ചുവയ്ക്കാനുള്ള സർക്കസ് മാത്രമാണു പ്രധാനമന്ത്രി നടത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.