ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാടുകൾ എളുപ്പത്തിലാക്കുന്നതിനായി തയാറാക്കിയ പുതിയ മൊബൈൽ ആപ് കേന്ദ്രസർക്കാർ പുറത്തിറക്കി. ഭരണഘടനാ സ്‌ഥാപകൻ ഡോ. ബി.ആർ. അംബേദ്കറിന്റെ സ്മരണാർഥം ഭീം ആപ് (ഭാരത് ഇന്റർഫേസ് ഫോർ മണി) എന്നു പേരിട്ടിരിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്. തള്ളവിരൽ മാത്രം ഉപയോഗിച്ച് പണമിടപാടുകൾ നടത്താൻ രണ്ടാഴ്ചയ്ക്കുള്ളിൽ സാധ്യമാകുമെന്നു പ്രധാനമന്ത്രി വ്യക്‌തമാക്കി.ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ക്രിസ്മസ് സമ്മാനമായി നീതി ആയോഗിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലക്കി ഗ്രാഹക് യോജന, ഡിജിധൻ വ്യാപാർ യോജന എന്നിവ ഈ ആപ്ലിക്കേഷനിലൂടെ സാധ്യമാക്കുമെന്നും ഇതിനായി ജനുവരി ഒന്നിനുശേഷം കുറഞ്ഞത് അഞ്ച് ഡിജിറ്റൽ ഇടപാടെങ്കിലും നടത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങൾക്ക് അഞ്ചു മിനിറ്റിനുള്ളിൽ വായ്പ ലഭ്യമാകുന്നതും വിദൂരമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു