തിരുവനന്തപുരം: കറൻസി ക്ഷാമം രൂക്ഷമാകുന്നതിനിടെ കൂടുതൽ പണം നൽകാനാവില്ലെന്നു റിസർവ് ബാങ്ക് കേരളത്തെ അറിയിച്ചു. ജനുവരിയിൽ ശമ്പളവും പെൻഷനും ട്രഷറി വഴി വിതരണം ചെയ്യാനായി 1,391 കോടി രൂപ കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 600 കോടി രൂപ മാത്രമേ നൽകാനാകൂയെന്നു റിസർവ് ബാങ്ക് റീജണൽ ഡയറക്ടർ സംസ്‌ഥാന ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിനെ അറിയിച്ചു. ഇതോടെ സംസ്‌ഥാന സർക്കാർ ജീവനക്കാരുടെ ജനുവരിയിലെ ശമ്പള പെൻഷൻ വിതരണം പ്രതിസന്ധിയിലാകും. സാധാരണ ഒന്നാം തീയതി മുതൽ 13 വരെയാണു ശമ്പള– പെൻഷൻ വിതരണം.നോട്ടു ക്ഷാമത്തെത്തുടർന്നു ഡിസംബർ ആദ്യവും ശമ്പള വിതരണത്തിൽ പ്രതിസന്ധി നേരിട്ടിരുന്നു. നോട്ട് ക്ഷാമത്തിനു പരിഹാരം കാണാൻ ധനസെക്രട്ടറി റിസർവ് ബാങ്ക് പ്രതിനിധിയുമായും എസ്ബിടി, എസ്ബിഐ, കനറ തുടങ്ങിയ ബാങ്കുകളുടെ പ്രതിനിധികളുമായും ചർച്ച നടത്തിയിരുന്നു. സർക്കാരിന് ആവശ്യമുള്ള തുക ഈ മൂന്ന് ബാങ്കുകൾക്കാണു കൈമാറുന്നത്.