കണ്ണൂർ: കോൺഗ്രസിനകത്തു വിമർശനവും സ്വയംവിമർശനവുമാകാമെന്നും വിമർശനങ്ങൾ കോൺഗ്രസിന്റെ വളർച്ചയ്ക്കു സഹായിച്ചിട്ടേയുള്ളൂവെന്നും കുറ്റപ്പെടുത്താനോ പ്രതിക്കൂട്ടിലാക്കാനോ അല്ല ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാനും കോൺഗ്രസിനെ ശക്‌തിപ്പെടുത്താനും വിമർശനങ്ങളാകാമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ കോൺഗ്രിന്റെ 131–ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ നേരിടുന്ന പ്രതിസന്ധികൾ സമാനതകളില്ലാത്തതാണ്. അതുകൊണ്ട് സംസ്‌ഥാന നേതൃത്വത്തിന്റെ പ്രത്യേക ശ്രദ്ധ കണ്ണൂരിലെ പ്രവർത്തകർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ റേഷൻ സ്തംഭനം തുടരുകയാണ്. ചരിത്രത്തിൽ ഇതുവരെ ഇത്തരത്തിലുള്ള പ്രതിസന്ധി ഉണ്ടായിട്ടില്ല. ഏതെങ്കിലും ഡിപ്പോയിലോ ജില്ലയിലോ സ്തംഭനങ്ങളുണ്ടാകാറുണ്ട്. ഇത്രയും ഗൗരവതരമായ വിഷയം ഉണ്ടായിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും ഗൗരവം മനസിലാക്കാതെ നടക്കുകയാണ്. ചോറു തിളയ്ക്കുമ്പോൾ രണ്ടുവറ്റ് എടുത്തുനോക്കിയാൽ മതി ചോറിന്റെ പാകം മനസിലാകാൻ. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താൻ റേഷൻ സമ്പ്രദായം മാത്രം നോക്കിയാൽ മതി. പ്രതിപക്ഷത്തായതുകൊണ്ട് ആത്മവിശ്വാസം തകർന്ന പാർട്ടിയല്ല കോൺഗ്രസ്.കള്ളപ്പണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി പറയാനാകാതെ വന്നപ്പോഴാണു പ്രധാനമന്ത്രി നരേന്ദ്ര മോദി കറൻസി നിരോധനം ഏർപ്പെടുത്തിയത്. ആദ്യം ധരിച്ചു ചിലതു നടക്കുമെന്ന്. ഇപ്പോൾ ജനങ്ങളെ നട്ടംതിരിക്കുകയാണ്. രാജ്യം അതിനു വലിയ വിലകൊടുക്കേണ്ടി വരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.ജന്മദിനാഘോഷം കൂറ്റൻ കേക്ക് മുറിച്ചാണ് ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തത്. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ.സുധാകരൻ, കെ.സി.ജോസഫ് എംഎൽഎ, വി.എ. നാരായണൻ, സുമാ ബാലകൃഷ്ണൻ, കെ. സുരേന്ദ്രൻ, സജീവ് ജോസഫ്, എ.പി. അബ്ദുള്ളക്കുട്ടി, എ.ഡി. മുസ്തഫ, കെ.സി. കടമ്പൂരാൻ, കെ.സി. മുഹമ്മദ് ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു