ട്രോമാ കെയർ ആന്റ് റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ (ട്രാക്ക്) കൊല്ലം ചിന്നക്കട ബസ് ബേയിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം വ്യത്യസ്‌ഥമായി. ആഘോഷങ്ങളാകാം അതിര് കടക്കരുത്, മദ്യം ഒഴിവാക്കൂ യാത്ര സുരക്ഷിതമാക്കൂ എന്ന സന്ദേശം ഉയർത്തിയാണ് പുതുമ നിറഞ്ഞ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്.ആഘോഷം കേവലം സന്ദേശത്തിൽ മാത്രം ഒതുങ്ങിയില്ല, മദ്യപിച്ച് വാഹനം ഓടിച്ച പത്ത് പേർക്കെതിരേ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ മാതൃകയാകുകയും ചെയ്തു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ട്രാക്ക് പ്രസിഡന്റ് കൂടിയായ ആർടിഒ ആർ.തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. സീറ്റ് ബെൽറ്റ് ധരിക്കാതെയും ഹെൽമെറ്റ് ഇടാതെയും മദ്യപിച്ചുള്ള വാഹനയാത്ര വർധിച്ച് വരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.രാത്രിയിൽ കാര്യമായ പരിശോധനകൾ നടക്കാത്തതിനാൽ ട്രാഫിക് നിയമലംഘനം വർധിക്കുകയാണ്. അതുകൊണ്ട് രാത്രി പരിശോധന കൂടുതൽ ശക്‌തമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ആർടിഒ വ്യക്‌തമാക്കി. രാത്രിയാത്രയിലെ ഡ്രൈവർമാർക്ക് ട്രാക്ക് നടത്തിവരുന്ന ചുക്ക് കാപ്പി വിതരണത്തോട് അനുബന്ധിച്ചായിരുന്നു ആഘോഷവും. ക്രിസ്മസ് പപ്പ കേക്കും മിഠായികളും വിതരണം ചെയ്തു. മദ്യപിച്ചുള്ള വാഹന യാത്രയ്ക്കെതിരേ ബോധവത്ക്കരണ സന്ദേശം അടങ്ങിയ ക്രിസ്മസ് കാർഡുകളും ഡ്രൈവർമാർക്ക് കൈമാറി.ക്രിസ്മസ് സന്ദേശ കാർഡിന്റെ വിതരണോദ്ഘാടനം ട്രാഫിക് സർക്കിൾ ഇൻസ്പെക്ടർ വി.എസ്.ബിജു നിർവഹിച്ചു. ട്രാക്ക് ജനറൽ സെക്രട്ടറി ശരത്ചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.എ.സത്യൻ, ജോയിന്റ് സെക്രട്ടറി ജോർജ് എഫ്.സേവ്യർ വലിയവീട്, ട്രഷറർ സന്തോഷ് തങ്കച്ചൻ, ചാർട്ടർ മെമ്പർ റോണാ റിബൈറോ എന്നിവർ പ്രസംഗിച്ചു. ട്രാക്ക് വോളണ്ടിയർമാരായ ശ്രീധർലാൽ, ഡിൻഷി, മനോജ്, മണികണ്ഠൻ, റമീസ്, സിനോജ്, ഫെലിക്സ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.