നോട്ട്റദ്ദാക്കലിലൂടെ ഭീകരതയുംഅധോലോക പ്രവർത്തനങ്ങളുംകുറച്ചു:മോദി

നോട്ട് റദ്ദാക്കലിലൂടെ ഭീകരവാദത്തെയും മനുഷ്യക്കടത്ത്, മയക്കുമരുന്നുകടത്ത് തുടങ്ങിയ അധോലോക പ്രവർത്തനങ്ങളെയും തകർക്കാൻ കഴിഞ്ഞെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സർക്കാർ പാവപ്പെട്ടവരുടെ ഉന്നമനത്തിനായാണ് പ്രവർത്തിക്കുന്നതെന്നും അഴിമതിക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും മോദി പറഞ്ഞു. നോട്ട് റദ്ദാക്കലിലൂടെ മോദി വമ്പൻ വ്യവസായികളെയും പണക്കാരെയും സഹായിക്കുകയാണെന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിമർശനത്തിനു മറുപടിയായാണ് മോദി ഇക്കാര്യം പറഞ്ഞത്. നോട്ട് റദ്ദാക്കലിനെതിരേ രാഹുൽ നടത്തുന്ന വിമർശനം എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തരാഖണ്ഡിലെ ഡൊറാഡൂണിൽ ബിജെപിയുടെ പരിവർത്തൻ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ തകർക്കുന്ന കള്ളപ്പണത്തിനെതിരേയാണു സർക്കാർ പോരാടുന്നത്. അഴിമതി തുടച്ചുനീക്കാൻ രാജ്യം ഒന്നിച്ചു നിൽക്കുകയാണ്. രാജ്യത്ത് 18,000 ഗ്രാമങ്ങളിൽ വൈദ്യുതി ഇല്ലാതെ 18–ാം നൂറ്റാണ്ടിലെ ജീവിതമാണുനയിക്കുന്നത്. ഭരണത്തിലെത്തി ആയിരം ദിവസംകൊണ്ട് 12,000 ഗ്രാമങ്ങളിൽ വൈദ്യുതി എത്തിക്കാൻ എന്റെ സർക്കാരിനായി. വികനസനമാണ് എന്റെ സർക്കാരിന്റെ ഒരേയൊരു നയം. ഞാൻ വ്യാജവാഗ്ദാനങ്ങൾ നൽകാറില്ല. എന്താണ് പറഞ്ഞതെന്ന് ഓർമയുണ്ട്–മോദി വ്യക്‌തമാക്കി. തീർത്ഥാടന കേന്ദ്രങ്ങളായ കേദാർനാഥ്, ബദ്രീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിക്കുന്ന ചാർധാം ഹൈവേ പദ്ധതി ഉദ്ഘാടനവും ഇന്നലെ പ്രധാനമന്ത്രി നിർവഹിച്ചു.