സ്വന്തമായെഴുതിയ ആധാരം പതിച്ചു.

നെയ്യാറ്റിന്‍കരയില്‍ ആദ്യമായി സ്വന്തമായെഴുതിയ ആധാരം പതിച്ചു. നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ സ്വന്തമായെഴുതിയ ആധാരം ഇന്നലെ സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിച്ചു. കേരളത്തില്‍ ഇതുവരെ മൂവായിരത്തിന് മുകളില്‍ ആധാരങ്ങളാണ് സര്‍ക്കാരിന്‍റെ പുതിയ വിജ്ഞാനപനത്തിനുശേഷം നടന്നത്. ഇതില്‍ കേരളത്തില്‍ നൂറ്റി നാല്പത് എണ്ണം മാത്രമാണ് സ്വന്തമായി ആധാരംനടത്തിയവര്‍, നെയ്യാറ്റിന്‍കരയില്‍ ആദ്യത്തേതും. നെയ്യാറ്റിന്‍കര സബ്ബ് രജിസ്ട്രാര്‍ വി. ജയചന്ദ്രദേവ് മുമ്പാകെ കഴിഞ്ഞദിവസംസമര്‍പ്പിച്ച ആധാരവും, പകര്‍പ്പും, ഷീറ്റും വിശദമായി പരിശോദന നടത്തിയശേഷം തെറ്റുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് പതിച്ചത്. സബ്ബ് രജിസ്ട്രാറുടെ മുന്നില്‍ ഈ ആധാരം പതിക്കുന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ നിയമം പ്രാവര്‍ത്തികമാക്കാന്‍ വേണ്ടുന്ന പൂര്‍ണ്ണസഹകരണം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. വസ്തുവിന്‍റെ വില നിശ്ചയിക്കുന്ന കാര്യത്തിലും, ദിശകള്‍ സൂചിപ്പിക്കുന്ന കാര്യത്തിലും വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടില്ലായിരുന്നത് സ്വയം ആധാരം എഴുതുന്നവര്‍ക്ക് സാങ്കേതികബുദ്ധിമുട്ട് നേരിടുന്നുണ്ട്. പുതിയ സര്‍ക്കാരിന്‍റെ രജിസ്ട്രേഷന്‍ രംഗത്തെ പ്രഖ്യാപനമായിരുന്നു സ്വന്തമായി ആധാരം എഴുതി പതിക്കാം എന്നുള്ളത്. പ്രഖ്യാപനങ്ങള്‍ വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും, ചില സാങ്കേതികപദാവലികളും, പഴയ രജിസ്ട്രേഷന്‍റെ ചട്ടക്കൂടും, സുതാര്യമാക്കാത്തതും കാരണം സാധാരണപോലെ ആര്‍ക്കും എഴുതി പതിക്കാന്‍ കഴിയില്ല. നിലവിലെ സബ്ബ് രജിസ്ട്രാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് കിമ്പളത്തിന്‍റെ പിന്‍ബലത്തിലാണ്. ജീവനക്കാര്‍ ഏറിയപങ്കും ആധാരമെഴുത്തുകാരുടെ സഹായത്താല്‍ നടക്കുന്നതിന് അനുകൂലിക്കുന്നവരാണ്. ആകെ നടക്കുന്ന ആധാരങ്ങളുടെ നിശ്ചതശതമാനം തുക ആവശ്യക്കാരില്‍നിന്ന് പിരിച്ച് ജീവനക്കാര്‍ക്ക് എത്തിക്കുന്ന പ്രവൃത്തി ചെയ്യുന്നത് ആധാരമെഴുത്തുകാരാണ്. ഈ വിവരം സാധാരണക്കാരായ പൊതുജനങ്ങളോട് പറഞ്ഞാണ് തുക വാങ്ങുന്നതും. ഉദാഹരണം പ്രമാണത്തിന്‍റെ വില, എഴുത്തുകൂലി ഇരുപതിനായിരം രൂപ, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അയ്യായിരം രൂപ, അകത്തെ ഫീസ് (പടി), പോക്കുവരവ് ഫീസ്, ആകെത്തുക ഇങ്ങനെപോകുന്നു ആധാരമെഴുതുമ്പോള്‍ വാങ്ങുന്ന ആള്‍ക്കുണ്ടാവുന്ന ചിലവ്. കേരള സര്‍ക്കാറിന്‍റെ ആധാരം സ്വന്തമായിട്ടെഴുതാമെന്ന പ്രഖ്യാപനത്തെതുടര്‍ന്ന് രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓണ്‍ലൈനായി ആധാരം പതിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സൈറ്റില്‍ കൊടുത്തിരിക്കുന്നത് കൂടുതല്‍ പരിഷ്കരിക്കേണ്ടതാണ്. കുറച്ചുകൂടി സുതാര്യമാക്കി സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സ്വയം ആധാരം പതിക്കുന്നതോടുകൂടി വസ്തുവകകളുടെ വില സത്യസന്ധമായി വെളിപ്പെടുത്താന്‍ സാധാരണക്കാര്‍ തയ്യാറാകും. ഇത് സര്‍ക്കാരിന് വന്‍തുക ലഭിക്കാന്‍ കാരണമാകും. ഇതിലൂടെ മധ്യവര്‍ത്തികളുടെ ചൂഷണം തടയാന്‍ സാധിക്കും. രജിസ്ട്രേഷന്‍ രംഗത്തെ ചൂഷണം വളരെ വലുതാണ്. ഭൂമാഫിയകളും, ആധാരമെഴുത്തുകാരും, ചുരുക്കം ചില ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇത് നടത്തുന്നത്. അടിയന്തിരമായി ഇത് തടയേണ്ട കാലം സംജാതമായിരിക്കുന്നു. കഴിഞ്ഞദിവസം മാമ്പഴക്കരം ബഥേല്‍ ഹൗസില്‍ രാജമ്മയും, രത്നസ്വാമിയുമാണ് തങ്ങള്‍ക്കുള്ള വസ്തു മകന് എഴുതിക്കൊടുക്കുന്നതിനുവേണ്ടി സ്വന്തമായി ആധാരം എഴുതി നെയ്യാറ്റിന്‍കര സബ്ബ് രജിസ്ട്രാര്‍ മുമ്പാകെ ഹാജരാക്കിയത്. സബ്ബ് രജിസ്ട്രാര്‍ വി. ജയചന്ദ്രദേവ് ഇവരെ അനുമോദിക്കുകയും ചെയ്തു. ഫോട്ടോ: നെയ്യാറ്റിന്‍ക സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്വന്തമായി ആധാരം പതിക്കാനെത്തിയവരുടെ ഡോക്കുമെന്‍റുകള്‍ സബ്ബ് രജിസ്ട്രാര്‍ വി. ജയചന്ദ്രദേവ് സ്വീകരിച്ച് പരിശോദിക്കുന്നു.