എഫ്ഐആറിൽ ജാഗ്രത വേണം: DGP

തിരുവനന്തപുരം: കേസുകൾ രജിസ്റ്റർ ചെയ്യുമ്പോഴും എഫ്ഐആർ തയാറാക്കുമ്പോഴും കൂടുതൽ ശ്രദ്ധയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടവും ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. മനുഷ്യാവകാശ പ്രവർത്തകർക്കെതിരേ ഉൾപ്പെടെ ഈയിടെ രജിസ്റ്റർ ചെയ്ത ചില കേസുകളും എഫ്ഐആറുകളും പരിശോധിച്ചപ്പോൾ സെക്ഷനുകൾ ചുമത്തുന്നതിലും മറ്റും വേണ്ടത്ര അവധാനത പുലർത്തിയിട്ടില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവി ഈ നിർദേശം നൽകിയത്.സിഐ, ഡിവൈഎസ്പി, എസ്പി/ ജില്ലാ പോലീസ് മേധാവി തുടങ്ങിയവരിൽനിന്ന് ആവശ്യമായ ഉപദേശ നിർദേശങ്ങൾ സ്വീകരിക്കാതെ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റു നടത്തുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച വിവിധ സർക്കുലറുകൾ കാലാകാലങ്ങളിൽ പുറപ്പെടുവിച്ചിട്ടുണ്ട്, ഇതുസംബന്ധിച്ച സുപ്രീംകോടതി മാർഗനിർദേശങ്ങളും നിലവിലുണ്ട്. ഇക്കാര്യങ്ങൾ പൂർണമായും പാലിച്ചാവണം കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റ് നടത്തേണ്ടത്. ഇക്കാര്യത്തിൽ ഉയർന്ന ഉദ്യോ ഗസ്ഥരുടെ ശരിയായ മേൽനോട്ടമുണ്ടാകണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തേണ്ട കേസുകളിൽ എഫ്ഐആർ തയാറാക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട സിഐയുമായി ആലോചിച്ചാകണം സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കേണ്ടത്. അതുപോലെ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്ന കേസുകളിൽ എഫ്ഐആർ തയാറാക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട ഡിവൈഎസ്പിയുമായി ആലോചിച്ചുവേണം സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കേണ്ടത്.മനുഷ്യക്കടത്തുപോലെ ചില പ്രത്യേക ഉദ്യോഗസ്ഥർക്ക് വിജ്ഞാപനപ്രകാരം അന്വേഷണച്ചുമതല നല്കുന്ന കേസുകളിൽ പ്രസ്തുത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാകണം സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കേണ്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമായി ആലോചിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥനുമായി ഇക്കാര്യം ആലോചിക്കണം.യുഎപിഎ, രാജ്യദ്രോഹക്കുറ്റം, എൻഐഎ ആക്ട് പ്രകാരമുള്ള ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങൾ എന്നിവയിൽ എഫ്ഐആർ തയാറാക്കുന്നതിനു മുൻപ് ജില്ലാ പോലീസ് മേധാവിയുടെ അനുമതി തേടിയിരിക്കണം. ഇത്തരം വകുപ്പുകൾ ചുമത്തുന്നതിന് ആവശ്യമായ ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ ഇവ ചുമത്താവൂ.യുഎപിഎ, രാജ്യദ്രോഹക്കുറ്റം തുടങ്ങിയ വകുപ്പുകളിൽ ഡിവൈഎസ്പി/എസ്പി തല ഉദ്യോഗസ്ഥർക്ക് കൂടുതൽ അവബോധം നല്കുന്നതിനുള്ള നടപടികൾ റേയ്ഞ്ച് ഐജിമാർ കൈക്കൊള്ളണം. ഇതിനായി സംസ്ഥാനതലത്തിൽ ശില്പശാല സംഘടിപ്പിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.