തലയോലപ്പറമ്പ്: ലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷത്തിനോടനുബന്ധിച്ചു നടത്തിയ സാന്തായാത്ര ഗ്രാമവാസികൾക്കു വേറിട്ട അനുഭവമായി. ഏഴു വയസ് മുതൽ 70വയസു വരെയുള്ളവർ ക്രിസ്മസ് അപ്പൂപ്പന്റെ വേഷമണിഞ്ഞു യാത്രയിൽ അണിചേർന്നു. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി അങ്കണത്തിൽ നിന്നാരംഭിച്ച സാന്തായാത്ര വീക്ഷിക്കാൻ ആയിരക്കണക്കിനാളുകൾ വീതിക്കു ഇരുവശവും തടിച്ചുകൂടിയിരുന്നു. സാന്താ ക്ലോസുമാർ നൽകിയ മധുരപലഹാരങ്ങൾ സ്വീകരിച്ചു കാണികളും ക്രിസ്തുമസിന്റെ ആഹ്ലാദം ഏറ്റുവാങ്ങി. കേരളത്തിൽ സാന്തായാത്രയ്ക്കു സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോൺ പുതുവ, ഫാ. ജിജു വലിയകണ്ടത്തിൽ, ജോർജ് നവംകുളങ്ങര, ജോസഫ് മണ്ണാറകണ്ടം, ആന്റണി കളമ്പുകാടൻ എന്നിവർ നേതൃത്വം നൽകി. തലയോലപ്പറമ്പ്: നീർപ്പാറ അസീസി ആശാഭവൻ സ്പെഷൽ സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷം സിനിമാതാരം ചേർത്തല ജയൻ ഉദ്ഘാടനം ചെയ്തു. ഇടവക സഹവികാരി ഫാ. ജിജു വലിയ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ സുനിത, എൽ.കെ. സാബു, സുഭാഷ് പുഞ്ചക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് തിരുപ്പിറവി ദൃശ്യാവതരണം, ഗ്രൂപ്പ് ഡാൻസ്, തുടങ്ങിയ വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.