കള്ളപ്പണം തടയൽ 255രാഷ്ട്രീയപാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി

ന്യൂഡൽഹി: അംഗീകാരമില്ലാത്ത 255 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ തെരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കി. കള്ളപ്പണം വെളുപ്പിക്കാൻ രാഷ്ട്രീയ കക്ഷികളെ മറയാക്കുന്നതു തടയുന്നതിന്റെ ഭാഗമായാണു നടപടി. ഈ പാർട്ടികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ കമ്മീഷൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന് (സിബിഡിടി) നിർദേശം നൽകിയിട്ടുണ്ട്. സാധാരണ രാഷ്ട്രീയ പാർട്ടികൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇത്തരം പാർട്ടികൾക്കു ലഭ്യമാക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.1961ലെ ആദായനികുതി നിയമത്തിലെ 13 എ വകുപ്പ് പ്രകാരം പാർട്ടികൾക്ക് വിവിധ ഇളവുകൾ ലഭിക്കുന്നുണ്ട്. ഇതു ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന പാർട്ടികൾക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നു കഴിഞ്ഞദിവസം തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. കള്ളപ്പണം വെളുപ്പിക്കാനായി കടലാസ് സംഘടനകൾ രൂപീകരിച്ചു നികുതിയിളവുകൾ പ്രയോജനപ്പെടുത്തുന്നതു തടയുന്നതിനു വേണ്ടിയാണ് നടപടി. നടപടിക്കിരയായ പാർട്ടികൾ 2005 മുതൽ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കുകയോ ഭാരവാഹി തെരഞ്ഞെടുപ്പു നടത്തുകയോ ചെയ്തില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്‌തമാക്കി. 225 പാർട്ടികളിൽ കൂടുതലും ഡൽഹി ആസ്‌ഥാനമായി പ്രവർത്തിക്കുന്നതായിട്ടാണു വിലാസത്തിൽ കാണിക്കുന്നത്. ഡൽഹിയിൽ നിന്നുള്ള 52 പാർട്ടികളും ഉത്തർ പ്രദേശിൽ നിന്നുള്ള 41ഉം തമിഴ്നാട്ടിൽ നിന്നുള്ള 24 ഉം പാർട്ടികൾ നടപടിക്കിരയായവരിൽ ഉൾപ്പെടും. കേരളം ആസ്‌ഥാനമായ രണ്ടു പാർട്ടികളെയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പട്ടികയിൽ നിന്നു നീക്കം ചെയ്തത്. ഓൾ കേരളാ എംജിആർ ദ്രാവിഡ മുന്നേറ്റ പാർട്ടിയാണ് ഒന്ന്. ദാസ് ബിൽഡിംഗ്, നേമം പി.ഒ, തിരുവനന്തപുരം 695020 എന്നാണ് വിലാസം. നിശബ്ദ ഭൂരിപക്ഷം എന്നതാണു കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ പാർട്ടി. 113, പട്ടുകൽ ഷോപ്പിംഗ് കോംപ്ലക്സ്, സെക്കൻഡ് ഫ്ളോർ, ഈസ്റ്റ് ഫോർട്ട്, ട്രിവാൻഡ്രം, പി.ഒ ട്രിവാൻഡ്രം, കേരള എന്നതാണ് ഇതിന്റെ വിലാസം