തിരുവനന്തപുരം : സ്കൂൾ, കോളജ് കാമ്പസുകളിലെ ആരോഗ്യ ബോധവത്കരണവും ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ശക്‌തമാക്കേണ്ടതുണ്ടെന്ന് ഗവർണർ ജസ്റ്റീസ് പി. സദാശിവം. സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും സംയുക്‌തമായി നടത്തിയ കാൻസർ ബോധവത്കരണ പരിപാടിയായ ക്യാപ്*കാമ്പസ് തയാറാക്കിയ പഠന റിപ്പോർട്ടിന്റെ കോപ്പി സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗവർണർ. ലഹരി മരുന്ന് വ്യാപനം അവലോകനം ചെയ്തുകൊണ്ട് കേരളത്തിലെ കലാലയങ്ങൾ എല്ലാ മൂന്നു മാസവും സമർപ്പിക്കേണ്ട റിപ്പോർട്ട് ചാൻസലർ എന്ന നിലയിൽ പരിശോധിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖലയിൽ സന്നദ്ധ സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ക്യാപ്*കാമ്പസിന്റെ റിപ്പോർട്ട് വിശദമായി പരിശോധിച്ച് പ്രതികരണം അറിയിക്കാമെന്നും അദ്ദേഹം അറിയിച്ചു. സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, പ്രഫഷണൽ ഫോറം പ്രസിഡന്റ് ഡോ. ആന്റണി തോമസ്, മേളം ഫൗണ്ടേഷൻ പ്രസിഡന്റ് പത്മശ്രീ ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ, അസോസിയേറ്റ് എഡിറ്റർ സെർജി ആന്റണി എന്നിവർ ക്യാപ് * കാമ്പസ് പദ്ധതിയുടെ വിശദാംശങ്ങൾ ഗവർണറെ ധരിപ്പിച്ചു. സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും നടത്തിയ ബോധവത്കരണ പരിപാടി ഇതിനോടകം കേരളത്തിലെ അഞ്ഞൂറോളം വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലൂടെ കടന്നുപോയി. വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ആവേശകരമായ പ്രതികരണമാണ് കാസർഗോഡ് നിന്ന് ആരംഭിച്ച കാൻസർ ബോധവത്കരണ സന്ദേശ യാത്രയ്ക്കു ലഭിച്ചത്. സന്ദേശ യാത്ര ഇന്ന് സമാപിക്കും. കാമ്പസുകളിലെ ബോധവത്കരണ പരിപാടി തുടരും. സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന മൂന്നു പ്രസ്‌ഥാനങ്ങൾക്കൊപ്പം കൊച്ചി കാൻസർ സൊസൈറ്റിയും ഈ സംരംഭത്തിൽ പങ്കുചേരുന്നുണ്ട്. കാൻസർ ചികിത്സാ വിദഗ്ധനായ ഡോ. വി.പി. ഗംഗാധരൻ ഉൾപ്പെടെയുള്ള പ്രശസ്ത ഭിഷഗ്വരന്മാരുടെ മാർഗനിർദേശങ്ങളും പദ്ധതിക്കുണ്ട്. സമൂഹത്തിന്റെ സർവോന്മുഖമായ പുരോഗതിക്ക് ഉതകുന്ന നിരവധി പ്രോജക്ടുകൾ സർഗക്ഷേത്ര ഏറ്റെടുത്ത് നടപ്പാക്കിയിട്ടുണ്ട്. ലഹരി വിരുദ്ധ കാമ്പസ് എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ കർമപദ്ധതി. ഈ പദ്ധതിക്ക് സംസ്‌ഥാന സർക്കാരിന്റെ അവാർഡും ലഭിച്ചു. സ്കൂളുകളിലൂടെയും കോളജുകളിലൂടെയും കാൻസറിനെക്കുുറിച്ചുള്ള അവബോധം ഉളവാക്കുക എന്നതാണ് ക്യാപ് * കാമ്പസിന്റെ ലക്ഷ്യം. യുവതലമുറയെ ഇതിനെക്കുറിച്ച് ബോധവാന്മാരാക്കി കാൻസറിനു കാരണമായ വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് പിൻതിരിപ്പിക്കുകയും കാൻസർ രോഗബാധിതർക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും പദ്ധതിയിലൂടെ ശ്രമിക്കുന്നു. രോഗപ്രതിരോധത്തിനും ആരോഗ്യകരമായ ജീവിതശൈലിക്കുമുള്ള പ്രബോധനങ്ങളും സന്ദേശയാത്രകളിൽ ഉടനീളം നൽകുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തത് നടൻ മമ്മൂട്ടിയാണ്. കേരളത്തിൽ ഉടനീളമുള്ള കാമ്പസുകളിലൂടെ കടന്നുപോകുന്ന സന്ദേശയാത്ര ഇതിനോടകം 2000 കിലോമീറ്റർ പിന്നിട്ടു. വിദ്യാഭ്യാസ പ്രവർത്തകർ, രാഷ് ട്രീയ, സാംസ്കാരിക നേതാക്കൾ, കലാകാരന്മാർ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ടവർ സന്ദേശ യാത്രയ്ക്കു വിവിധ കേന്ദ്രങ്ങളിൽ അഭിവാദ്യം അർപ്പിച്ചു. സന്ദേശ യാത്രയിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്‌ഥാനത്തിലുള്ള റിപ്പോർട്ടാണ് ഗവർണർക്കു സമർപ്പിച്ചത്. കാൻസറിനും മറ്റു ഗുരുതര രോഗങ്ങൾക്കും ഇടയാക്കുന്ന ലഹരി മരുന്നുകളുടെയും പുകയിലയുടെയും മറ്റും ഉപയോഗം നിയമപരമായി നിയന്ത്രിക്കുന്നതിനും അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിനു ഭരണകൂടത്തിനുമേൽ സമ്മർദം ചെലുത്തണമെന്ന് റിപ്പോർട്ടിൽ ഗവർണറോടു അഭ്യർഥിച്ചിട്ടുണ്ട്.